21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി;മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍;ഇനി വൈന്‍ സൂക്ഷിക്കാന്‍ മുള ബോട്ടിലും; ബാംബൂ ഫെസ്റ്റില്‍ ഭൂട്ടാന്‍ പങ്കാളിത്തവും

Update: 2024-12-09 11:15 GMT

കൊച്ചി:വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം കേരളത്തിന് പുറത്തു 10 സംസ്ഥാനങ്ങളില്‍ നിന്നും 50 ഓളം കരകൗശലപ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല നിര്‍മാതാക്കളും മേളയില്‍ പങ്കെടുക്കുന്നു.

സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്‌ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും ഈ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ചടങ്ങില്‍ എറണാകുളം എംഎല്‍എ റ്റി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എറണാകുളം എംപി ഹൈബി ഈഡന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്,എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്, ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റായ്, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സിഎസ് വാര്യര്‍, കെബിപ്പ്/കേരള സംസ്ഥാന ബാംബൂ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്., വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ., കേരള ബാംബൂ മിഷന്‍ പ്രതിനിധി ശ്രീകാന്ത് എ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍

കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു കൂട്ടം സംരംഭകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.

വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്. ഇതിനാവശ്യമായ കാന്താരി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചക്ക, നാളികേരം എന്നിവ ഉപയോഗിച്ച് മൈദയോ രാസവസ്തുക്കളോ ചേര്‍ത്താക്കാതെ ഇവ ഉണ്ടാക്കിയെടുക്കുന്നതെന്ന് കാര്‍ഷിക കൂട്ടായ്മയായ ബാസ അഗ്രോ ഫുഡ് പ്രോഡക്ടിന്റെ ഭാരവാഹികള്‍ പറയുന്നു.

നൗബീസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലിറക്കുന്നത്. നിലവില്‍ ഇവ ഓണ്‍ലൈനിലും ലഭ്യമാണ്. ഉടനെ തന്നെ ആമസോണ്‍ പോലുള്ളവയിലും ഇത് ലഭ്യമായി തുടങ്ങുമെന്ന് സംരഭകര്‍ പറയുന്നു. ഇതാദ്യമാണ് ഇവര്‍ മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നവുമായി വരുന്നത്. 200 ഗ്രാം കുക്കീസിന് 100 രൂപയാണ് വില. പ്ലം കേക്കിന് 400 രൂപയും. വയനാട്ടിലെ ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കില്‍ കൂടി വിപണിയിലെ അവസ്ഥ പ്രതികൂലമാണ്. വിപണി സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരഭകര്‍ക്കുള്ളത്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.

ഇനി വൈന്‍ സൂക്ഷിക്കാന്‍ മുള ബോട്ടിലും; ബാംബൂ ഫെസ്റ്റില്‍ ഭൂട്ടാന്‍ പങ്കാളിത്തവും

കൊച്ചി: ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റില്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കരകൗശല വിഗഗ്ധരാണ് പതിനഞ്ചോളം ഉല്‍പ്പന്നങ്ങളുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ മിഷന്‍ ആതിഥേയത്വം വഹിക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.

ഭൂട്ടാനിലെ താരായണ ഫൗണ്ടേഷന്‍ വഴിയാണ് (Tarayana Foundation) ഇവര്‍ കൊച്ചിയിലെ മേളയില്‍ പങ്കെടുക്കാനെത്തിയത്. ഭൂട്ടാനിലെ രാജ്ഞിയായ ഡോര്‍ജി വാങ്മോ വാങ്ചക്ക് ആണ് 2003 മെയ് 4ന് ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. അന്നത്തെ കിരീടാവകാശിയായിരുന്ന ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്ക് ഈ സംരംഭത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഭൂട്ടാനിലെ ഗ്രാമീണ ജനങ്ങള്‍ക്ക് കൈത്താങ്ങാവുക എന്നാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. 20 ജില്ലകളിലും ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 12 ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 32 ജീവനക്കാരാണ് താരയാന ഫൗണ്ടേഷനിലുള്ളത്.

കുട്ട, ബാസ്‌കറ്റ്, തൊപ്പി എന്നിവയാണ് ഭൂട്ടാനില്‍ നിന്നുള്ള സ്റ്റോളില്‍ ആകര്‍ഷണീയമായ ഉല്‍പ്പന്നങ്ങള്‍. ചാര്‍ക്കോള്‍ സോപ്പും ഇവയോടൊപ്പമുണ്ട്. ചതുരാകൃതിയിലുള്ള ബാസ്‌കറ്റുകളാണ് അധികവുമുള്ളത്. മുളയുടെ വൈന്‍ ബോട്ടില്‍ ആണ് ഏറെ കൗതുകമുണര്‍ത്തുന്നത്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി മള്‍ട്ടികളറില്‍ ഇവ ലഭിക്കുമെന്നതാണ് പ്രത്യേകത. മെഷീനുകളുടെ സഹായമില്ലാതെ കൈകൊണ്ടാണ് ഇവയെല്ലാം നിര്‍മിക്കുന്നതെന്ന് മേളയിലെത്തിയ സോനം ഗ്യാല്‍സ്റ്റെന്‍ പറയുന്നു. ഗ്യാല്‍സ്‌റ്റൈനൊപ്പം മറ്റ് രണ്ടു പേര്‍ കൂടിയാണ് മേളയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന മേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇവര്‍ ആദ്യമാണ്.

ബാംബൂ ഉല്‍പ്പന്നങ്ങള്‍ക്ക് ഭൂട്ടാനിലും പതുക്കെ ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നാണ് സോനം ഗ്യാല്‍സ്റ്റൈന്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ആളുകളുടെ പ്രതികരണം മനസിലാക്കി അടുത്ത തവണ കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു. 2080 രൂപ മുതലാണ് വൈന്‍ ബോട്ടിലിന്റെ വില തുടങ്ങുന്നത്. ഗിഫ്റ്റ് ബാസ്‌കറ്റിന് 1000 രൂപയാണ് വില. തൊപ്പിക്ക് 1440 രൂപയാണ് വില. ഭൂട്ടാനിലെ പരമ്പരാഗത തൊപ്പിയും ഇതോടൊപ്പമുണ്ട്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.

Tags:    

Similar News