സമയക്കുറവ് ഇനി തടസ്സമല്ല: തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ റോട്ടറിയുടെ 'ബ്ലഡ് ബാങ്ക് ഓണ്‍ വീല്‍സ്'

Update: 2025-11-03 11:59 GMT

തിരുവനന്തപുരം: സമയക്കുറവ് കാരണം രക്തദാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇനി ആശ്വാസം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 'ബ്ലഡ് ബാങ്ക് ഓണ്‍ വീല്‍സ്' തിരുവനന്തപുരം സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് സമര്‍പ്പിച്ചു. റോട്ടേറിയന്‍ ആര്‍ രവീന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥമാണ് കേരളപ്പിറവി ദിനത്തിലാണ് ഈ ചലിക്കുന്ന ബ്ലഡ് ബാങ്ക് തലസ്ഥാനത്തിന് കൈമാറിയത്.

ഫിഷറീസ്, സാംസ്‌കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള തലസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്, പ്രത്യേകിച്ച് കഴക്കൂട്ടം മേഖലയിലെ അപകട സാഹചര്യങ്ങള്‍ക്കും തീരദേശവാസികള്‍ക്കും ഈ മൊബൈല്‍ യൂണിറ്റ് വലിയ സഹായമാകും.

50 ലക്ഷം രൂപ ചിലവില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കിട്ട ജീവിതം നയിക്കുന്ന യുവാക്കളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ഈ മൊബൈല്‍ യൂണിറ്റ്, യുവജനങ്ങള്‍ കൂടുതലുള്ള ഐ.ടി. പാര്‍ക്കുകള്‍, എന്‍ജിനീയറിങ് കോളജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കും.

രക്തദാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സമയവും പ്രയത്‌നവും കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഒരേ സമയത്ത് ഒന്നിലധികം പേര്‍ക്ക് രക്തം നല്‍കാന്‍ സൗകര്യമുള്ള വാഹനത്തില്‍, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ സൗകര്യങ്ങളുണ്ട്.

റോട്ടറി ഇന്റര്‍നാഷണലിന്റെ ആഗോള റോട്ടറി ഗ്രാന്റ് പദ്ധതിയിലൂടെ, സിംഗപ്പൂര്‍ റാഫിള്‍സ് റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടും, റോട്ടറി ഫൗണ്ടേഷന്റെ ഗ്രാന്റോടും കൂടിയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കിയത്.

ചടങ്ങില്‍ വെച്ച്, ചലിക്കുന്ന ബ്ലഡ് ബാങ്ക് ഔദ്യോഗിക പദ്ധതി പങ്കാളികളായ കഴക്കൂട്ടം സി.എസ്.ഐ. മിഷന്‍ ആശുപത്രിക്ക് കൈമാറി. ചെങ്ങന്നൂര്‍ കരുണ പാലിയേറ്റീവ് കയറിന് റോട്ടറിയുടെ 3 ലക്ഷം രൂപയുടെ ചെക്കും മന്ത്രിക്ക് കൈമാറി.

സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കേണല്‍ ഡോ. രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ സുരേഷ് മാത്യു പദ്ധതി അവതരണം നടത്തി. മുന്‍ ഗവര്‍ണ്ണര്‍മാരായ സുധി ജബ്ബാര്‍, ഡോക്ടര്‍ തോമസ് വാവാനീക്കുന്നേല്‍ , പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രസിഡന്റ് ക്യാപ്റ്റന്‍ പി.ആര്‍.കെ. കര്‍ത്ത, പദ്ധതി ഡയറക്ടര്‍ Ar.ഡോണ്‍ തോമസ് അന്തര്‍ദേശീയ പങ്കാളി ഫിലിപ്പ് തോലത്ത്, സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി. ക്ലബ്ബ് സെക്രട്ടറി പ്രേം തമ്പി കൃതജ്ഞത പ്രകാശിപ്പിച്ചു.

തിരുവനന്തപുരം ജില്ലയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും 7510356766, 7510357666 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Similar News