കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞന്‍: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി
പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ ആര്‍ നാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ വിവേചനാധികാരം ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി അദ്ദേഹം വിനിയോഗിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പൊതുതിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനാണെന്നും ഫ്രാന്‍സീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. തലമുറകളെ പ്രചോദിപ്പിക്കുവാന്‍ കെ ആര്‍ നാരായണന്റെ ജീവിതയാത്രയ്ക്കാവും. കെ ആര്‍ നാരായണന്റെ അതിജീവനം ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസകരമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ചാവറ പബ്‌ളിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനില്‍ , അഡ്വ ന്തോഷ് മണര്‍കാട്, ജോര്‍ജ് പുളിങ്കാട്, അനൂപ് ചെറിയാന്‍, ലിയ മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കെ ആര്‍ നാരായണന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
കുറിച്ചിത്താനം: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍, കേരള പരവന്‍ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൂവത്തിങ്കലുള്ള കെ ആര്‍ നാരായണന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, സെബി പറമുണ്ട, കെ ആര്‍ നാരായണന്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭര്‍ത്താവ് വാസുക്കുട്ടന്‍, ബന്ധു ഡോ കെ വത്സലകുമാരി, കേരള പരവന്‍ മഹാജനസഭ ഉഴവൂര്‍ ശാഖ പ്രസിഡന്റ് കെ അജിത്കുമാര്‍, സെക്രട്ടറി ടി ആര്‍ വിശ്വംഭരന്‍, ടി ആര്‍ രാജു, സരോജനി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
