അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണം - റസാഖ് പാലേരി

Update: 2025-11-01 14:07 GMT

തിരുവനന്തപുരം: നവംബര്‍ ഒന്നിന് അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ആധികാരിക പഠന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം നടന്ന നിയമസഭ ചര്‍ച്ചയില്‍ സംസ്ഥാന മന്ത്രി തന്നെ കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 5,91,194 ആണെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ട് കേരളത്തില്‍ ഇപ്പോള്‍ 64,006 അതി ദരിദ്രര്‍ മാത്രമാണുള്ളതെന്ന യുക്തിരഹിതമായ കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് പങ്കുവയ്ക്കുന്നത്. ഈ കണക്ക് രൂപപ്പെടുത്തിയതിന്റെ മാനദണ്ഡം വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കേരളത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡിന് അര്‍ഹരായ അന്ത്യോദയ, അന്ന യോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട 5,91,000 -ലധികം ജനങ്ങളാണുള്ളത്. ആദിവാസി മേഖലയില്‍ 1,16,000 - ലധികം വരുന്ന ജനവിഭാഗം അതിദാരിദ്ര അവസ്ഥയില്‍ നിന്ന് മുക്തമാകുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അട്ടപ്പാടിയിലും മറ്റു പിന്നാക്ക പ്രദേശത്തെ കുടുംബങ്ങളിലെ അമ്മമാര്‍ 98 ശതമാനത്തോളം 'ഹൈറിസ്‌ക്' ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. പട്ടിണിയും പോഷകാഹാരകുറവും വര്‍ദ്ധിച്ചുവരുന്ന ശിശു മരണനിരക്കും തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ആദിവാസി മേഖലകളില്‍ ഇപ്പോഴും തുടരുകയാണ്. ആരോഗ്യ മേഖലയിലെ അപകടകരമായ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല.

2020-ലെ കണക്ക് പ്രകാരം ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയ 3.46 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതുവരെയും വീട് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി ജനവിഭാഗങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവരുടെ ജീവിതാവസ്ഥയില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിയാതെ അതിദരിദ്ര മുക്തമാണ് കേരളം എന്ന പ്രഖ്യാപനം തികച്ചും വസ്തുതാ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം വ്യാജ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കലാണെന്ന് റസാഖ് പാലേരി പറഞ്ഞു


Similar News