ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ നാളെ സിഎംഎഫ്ആര്‍ഐയില്‍; വേമ്പനാട് ഗവേഷണ പദ്ധതിയുടെ വിവിധ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: ലോക ആരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ) മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ നാളെ (ജനുവരി 24 വെള്ളി) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10ന് പ്ലാറ്റിനം ജൂബില ഹാളില്‍ നടക്കുന്ന ചടങ്ങില്‍, വേമ്പനാട് കായലിലെ ജലഗുണനിലവാരത്തെ കുറിച്ചും ജലജന്യ പകര്‍ച്ചവ്യാധികളെ കുറിച്ചുമുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരഭങ്ങള്‍ അവര്‍ ഉദ്ഘാടനം ചെയ്യും.
കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ സൗമ്യ സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും.
സിഎംഎഫ്ആര്‍ഐ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നാന്‍സണ്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍-ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് കായലിന്റെ ഗുണനിലവാരവും പാരിസ്ഥിതിക അവസ്ഥയും വിലയിരുത്തുകയാണ് ഈ ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.