കേരള യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി മുതല്‍ നടപ്പിലാക്കുന്ന ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക

Update: 2024-12-30 13:51 GMT

പിഎച്ച്. ഡി. വിദ്യാര്‍ത്ഥികളുടെ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് 20/12/2024ന് കേരള സര്‍വകലാശാല പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഡെമോക്രാറ്റിക് റിസര്‍ച്ച് സ്‌കോളേര്‍സ് ഓര്‍ഗനൈസേഷന്‍(ഡി. ആര്‍. എസ്. ഒ.) സംസ്ഥാന കണ്‍വീനര്‍ അജിത് മാത്യു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍, റിസര്‍ച്ച് ഫീ, പ്രീ-സബ്മിഷന്‍, ഓപ്പണ്‍ ഡിഫെന്‍സ്, തീസിസ് സബ്മിഷന്‍ എന്നീ സേവനങ്ങള്‍ക്ക് യഥാക്രമം 45%, 58%, 27%, 43%, 36% ആണ് വര്‍ദ്ധനവ്. പാര്‍ട്ട്-ടൈം ഗവേഷകരുടെ ഫീസിലും, റിസര്‍ച്ച് സെന്റര്‍ അഫീലിയേഷന്‍ ഫീസിലും, മറ്റിനങ്ങളിലുമുള്ള ഫീസുകളിലും വന്‍വര്‍ദ്ധനവാണുള്ളത്. ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കുന്നതിനും, ഗവേഷണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്കും, പുസ്തകങ്ങള്‍ക്കും, കോണ്‍ഫറന്‍സ്, സെമിനാര്‍ തുടങ്ങിയ ആവശ്യകതകളും, മറ്റ് ജീവിത ചിലവുകളും വളരെ പരിമിതമായ ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് ഗവേഷകര്‍ നടത്തിവരുന്നത്.

വളരെ തുച്ഛമായ ഫെല്ലോഷിപ്പോടുകൂടി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഇത്തരത്തിലുള്ള ഫീസ് വര്‍ദ്ധനവുകള്‍ ഇരട്ടിപ്രഹരമാണ് സൃഷ്ടിക്കുക. കൂടാതെ ഇ-ഗ്രാന്റ്‌സ് ഫെല്ലോഷിപ്പ് മാസങ്ങളായി മുടങ്ങുന്നു, മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് പോലുള്ള സ്‌കീംമുകള്‍ നിര്‍ത്തലാക്കി, യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പുകളും വൈകുന്നു, വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്‍ക്കനുസരിച്ചുള്ള വര്‍ദ്ധനവ് ഫെല്ലോഷിപ്പില്‍ ഉണ്ടാകുന്നില്ല. ഇ-ഗ്രാന്റ്‌സ് ഉള്‍പ്പടെയുള്ള ഫെല്ലോഷിപ്പ് മുടങ്ങുന്നതിനേത്തുടര്‍ന്ന് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഗവേഷകര്‍ നിര്‍ബന്ധിതരാകുന്നു.

ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി മറ്റു ജോലികളില്‍ കൂടി പണം കണ്ടെത്തേണ്ടതായ ഗതികേടിലാണ് ഗവേഷകര്‍. സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന ഗവേഷണത്തെയും ഗവേഷകരെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സമൂഹത്തിനും, അതിനെ നയിക്കുന്ന സര്‍ക്കാരിനുമാണ്. ദേശീയ വിദ്യാഭ്യാസ നയം (എന്‍. ഇ. പി.)2020 നിര്‍ദ്ദേശിക്കുന്നത് സര്‍വകലാശാലകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സ്വയം കണ്ടെത്തണമെന്നുള്ളതാണ്. അതിനുള്ള മാര്‍ഗമായി അവലംബിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കുകയെന്നതാണ്.

എന്‍. ഇ. പി. 2020 മുന്‍പോട്ട് വയ്ക്കുന്ന ഈ വിദ്യാഭ്യാസ വിരുദ്ധ സമീപനത്തെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരും, കേരള യൂണിവേഴ്‌സിറ്റി ഉള്‍പ്പടെയുള്ള മറ്റു യൂണിവേഴ്‌സിറ്റികളും അംഗീകരിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. സര്‍വ്വകലാശാല നേരിടുന്ന സാമ്പത്തിക പരാധീനതകള്‍ മറികടക്കേണ്ടത് സര്‍ക്കാര്‍ ഗ്രാന്റുകള്‍ കൂടുതല്‍ അനുവദിച്ചുകൊണ്ടാകണം, ഗവേഷകരെ പിഴിഞ്ഞുകൊണ്ടാകരുത്. ഗവേഷകവിരുദ്ധമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും, ഗവേഷകര്‍ക്ക് വര്‍ധിച്ചു വരുന്ന ജീവിതചിലവുകള്‍ക്ക് പര്യാപ്തമായ തരത്തില്‍ ഫെല്ലോഷിപ്പ് ഉയര്‍ത്തണമെന്നും ഡി ആര്‍ എസ് ഒ സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Similar News