ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍

Update: 2024-09-24 10:47 GMT

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് 'ICSET 2024'സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലായാണ് നടക്കുക. 'ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍ഡ് ബിയോന്‍ഡ്'ആണ് ഇത്തവണത്തെ പ്രധാന വിഷയം. കോണ്‍ക്ലേവിന്റെ ഭാഗമായി ഐബിഎം സോഫ്റ്റ്വെയര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ പ്രത്യേക വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യര്‍ത്ഥികള്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതികവിദ്യ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് കോണ്‍ക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്. ''സാങ്കേതിക വിപ്ലവത്തിന്റെ മുന്‍നിരയില്‍ കുതിക്കുന്ന ഏവര്‍ക്കും AI-യുടെ പരിവര്‍ത്തന ശേഷിയെ പ്രയോജനപ്പെടുത്താനും, അതുവഴി പുതുതലമുറയെ ശാക്തീകരിക്കാനുമുള്ള ഐ.സി.ടി.എ.കെ.-യുടെ പ്രതിബദ്ധത ICSET 2024 ഉള്‍ക്കൊള്ളുന്നു.'' എന്ന് ICTAK-യുടെ സി.ഇ.ഒ. . മുരളീധരന്‍ മന്നിങ്കല്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ഐബിഎം സോഫ്റ്റ്വെയറിന്റെ പ്രത്യേക വര്‍ക്ക്ഷോപ്പ് ഉണ്ടായിരിക്കും. 'അണ്‍ലോക്കിങ് ദി പവര്‍ ഓഫ് എല്‍എല്‍എം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് RAG അടിസ്ഥാന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ 27-ന് കോഴിക്കോട് നടക്കുന്ന സെഷനില്‍ മെക്രോസോഫ്റ്റ് വര്‍ക്ക്ഷോപ്പും ഉണ്ടായിരിക്കും. നൂതന പരിഹാരങ്ങള്‍ക്ക് എ.ഐ. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'ജനറേറ്റീവ് എ.ഐ. വിത്ത് കോപൈലറ്റ് ഇന്‍ ബിംഗ്'എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പ് നടക്കുക.

സെപ്റ്റംബര്‍ 30-ന് എറണാകുളം അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടെ ICSET 2024-ന് തിരശീല വീഴും. LSGD &എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

ഗൂഗിള്‍ ഫോര്‍ ഡവലപ്പേഴ്‌സ് - ഇന്ത്യ എഡ്യു പ്രോഗ്രാമുമായി സഹകരിച്ചുള്ള വര്‍ക്ക്‌ഷോപ്പാണ് കോണ്‍ക്ലേവിന്റെ സമാപന പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ. സാങ്കേതികവിദ്യകളില്‍ ആഴത്തില്‍ കടന്നുച്ചെല്ലുന്ന പ്രോഗ്രാമില്‍ ഡെവലപ്പേഴ്സിന് വേണ്ടിയുള്ള 'ജനറേറ്റീവ് എ.ഐ. വിത്ത് വെര്‍ടെക്സ് എ.ഐ. ജെമിനി എപിഐ'എന്ന വിഷയത്തിലുള്ള സെഷന്‍ നടക്കും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അനുമോദന പ്രഭാഷണം നടത്തും.

സ്‌നേഹില്‍ കുമാര്‍ സിംഗ് IAS (കളക്ടര്‍, കോഴിക്കോട് ജില്ല), ഡോ. സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി), ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്‌ക്), അനൂപ് അംബിക (സി.ഇ.ഒ., കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), സുശാന്ത് കുറുന്തില്‍ (സി.ഇ.ഒ., ഇന്‍ഫോപാര്‍ക്ക്), ദീപ സരോജമ്മാള്‍ (സിഇഒ, റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്), ലഫ്റ്റനന്റ് ലക്ഷയ് സിംഗ് (ഹെഡ്, പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്‌സ്, അണ്‍സ്റ്റോപ്പ്), പൂര്‍ണിമ ധാല്‍ (അക്കാദമിക് അലയന്‍സ് - എ.പി.എ.സി., സെലോനിസ്), ശരത് എം. നായര്‍ (കോഴിക്കോട് സെന്റര്‍ ഓപ്പറേഷന്‍സ് മാനേജര്‍, ടാറ്റ എല്‍ക്‌സി), അഖില്‍കൃഷ്ണ ടി. (സെക്രട്ടറി, സി.എ.എഫ്.ഐ.ടി.), ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് &ഹെഡ് - ടി.സി.എസ്. ഓപ്പറേഷന്‍സ്, കേരള), ആര്‍. ലത (പ്രോഗ്രാം ഡയറക്ടര്‍, ഐ.ബി.എം. ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ്‌സ്) തുടങ്ങിയ ടെക്‌നോളജി, അക്കാദമിക രംഗങ്ങളിലെ പ്രമുഖര്‍ വിവിധ ജില്ലകളിലായി നടക്കുന്ന ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

Tags:    

Similar News