ജീവിതം ചിട്ടപ്പെടുത്താന്‍ വിദ്യാര്‍ഥികാലം ഉപയോഗപ്പെടുത്തണം :കാന്തപുരം

Update: 2025-05-29 14:18 GMT

കോഴിക്കോട്: ജീവിതം ചിട്ടപ്പെടുത്താനും ക്രമീകരിക്കാനുമുള്ള അവസരമായി വിദ്യാര്‍ഥി കാലം ഉപയോഗപ്പെടുത്തണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ മര്‍കസ് വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്ന വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ വിഷയങ്ങളെ മനസ്സിലാക്കല്‍ മാത്രമായി വിദ്യാര്‍ഥി കാലം ചുരുങ്ങരുത്.

ജീവിതം ക്രമീകരിക്കാന്‍ ആവശ്യമായ നൈപുണികളും കഴിവുകളും അഭ്യസിക്കേണ്ടതും ഈ കാലത്ത് തന്നെയാണ്. കൂട്ടായ്മ, സംഘാടനം, സാന്ത്വനം, സേവനം, നേതൃഗുണം, പ്രതിസന്ധികളെ തരണംചെയ്യല്‍ എന്നിവയൊക്കെ ആര്‍ജിക്കാന്‍ ശ്രമിക്കണം. അറിവിനൊപ്പം ഭാവി ജീവിതത്തില്‍ ഇവയെല്ലാം പ്രയോജനപ്പെടുമെന്നും ഉസ്താദ് പറഞ്ഞു.

ജാമിഅ സീനിയര്‍ മുദരിസ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പിസി അബ്ദുല്ല മുസ്ലിയാര്‍, ബശീര്‍ സഖാഫി കൈപ്പുറം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി സന്ദേശം നല്‍കി. യൂണിയന്‍ പ്രസിഡന്റ് സയ്യിദ് മുഹ്സിന്‍ ജീലാനി, ജനറല്‍ സെക്രട്ടറി ഹാഫിള് മിസ്അബ്, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് തളിപ്പറമ്പ്, സെക്രട്ടറി ജദീര്‍ കൂട്ടിലങ്ങാടി സംസാരിച്ചു. ഇല്യാസ് ബെളിഞ്ച സ്വാഗതവും ഖലീല്‍ അഹ്മദ് കീഴിശ്ശേരി നന്ദിയും പറഞ്ഞു.

Similar News