ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എസ് പി മെഡിഫോര്‍ട്ട്

Update: 2024-11-14 11:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് സേവനം ഊബര്‍ മാതൃകയില്‍ സജ്ജീകരിക്കുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍കെ ബി ഗണേഷ്‌കുമാര്‍പറഞ്ഞു. ലോക പ്രേമഹ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി ഇഞ്ചക്കലിലെ എസ് പി മെഡിഫോര്‍ട്ടില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലന്‍സിന്റെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍, 108 ആംബുലന്‍സുകളുടെയും മറ്റു സ്വകാര്യ ആംബുലന്‍സുകളുടെയും സഹരണത്തോടെ പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പൊതുജനം ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സിനോളം പ്രാധാന്യമുള്ള വാഹനമാണ്. ജോലിയുടെ ഭാഗമായി റോഡുകളില്‍ സഞ്ചരിക്കുന്ന ഓട്ടോ തൊഴിലാളികളാണ് മിക്കപ്പോഴും അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആദ്യം ഓടിയെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അപകടത്തില്‍പ്പെടുന്ന രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഒരു ശ്രമമാണ് എസ് പി മെഡിഫോര്‍ട്ട് നടത്തുന്നത്.' മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുള്ള സൗജന്യ ചികിത്സ കാര്‍ഡ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

നഗര നിരത്തുകളിലെ നിത്യസാന്നിധ്യമായ ഓട്ടോ തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പി അശോകന്‍ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ചികിത്സാ സൗകര്യം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന നടപടികളാണ് ഇത്തരം ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എസ് പി മെഡിഫോര്‍ട്ട് ഡയറക്ടര്‍ ഡോ. ആദിത്യ, അദ്വൈത് എ ബാല, ബാലഗോപാല്‍, നഗരത്തിലെ നൂറോളം ഓട്ടോ തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News