ബ്യുട്ടി പാര്‍ലറിലേക്ക് നിത്യവും ആഡംബര കാറുകളുടെ വരവ്; രഹസ്യവിവരം കിട്ടിയതോടെ പരിശോധിച്ചപ്പോള്‍ പാര്‍ലറിന്റെ മറവില്‍ അനധികൃത സ്പായും അനാശാസ്യ കേന്ദ്രവും; മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ വീരാജ് പേട്ടയില്‍ അറസ്റ്റില്‍
ബ്യുട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയ 4 പേര്‍ പിടിയില്‍
കണ്ണൂര്‍ : വീരാജ്‌പേട്ടയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളടക്കം നാലുപേരെ വീരാജ്‌പേട്ട പോലീസ് അറസ്റ്റുചെയ്തു. ഇവിടെ ഉണ്ടായിരുന്ന നാലോളം സ്ത്രീകളെയും പോലീസ് പിടികൂടി വനിതാ കംഫര്‍ട്ട് സെന്ററിലേക്ക് മാറ്റി.
കണ്ണൂര്‍ സ്വദേശികളായ പി.പി. പ്രദീപന്‍ (48), കലേഷ്‌കുമാര്‍ (45), ഷാജി (38), വീരാജ്‌പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ .പൊന്നണ്ണ (48 ) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇമ്മോറല്‍ ട്രാഫിക്ക് (പ്രിവന്‍ഷന്‍) ആക്ടിലെ സെക്ഷന്‍ 3, 4, 5 (സി) 7 പ്രകാരം പ്രതികള്‍ക്കെതിരെ വിരാജ് പേട്ട സബ് ഡിവിഷനിലെ ഡി എസ് പി എസ്. മഹേഷ് കുമാര്‍, സര്‍ക്കിള്‍ സിഐ അനൂപ് മാടപ്പ, പിവീരാജ്‌പേട്ട സിറ്റി പോലീസ് സ്റ്റേഷന്‍ പി എസ് ഐമാരായ പ്രമോദ്, എം. ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസ് കൈമാറി. ആറു മാസമായി വീരജപേട്ടയിലെ ഗാന്ധി നഗറില്‍ വാടകക്കെടുത്ത കെട്ടിടത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ലൈസന്‍സില്ലാതെ സ്പാ സെന്ററും ഇവിടെ യുവതികളെ പാര്‍പ്പിച്ച് അനാശാസ്യകേന്ദ്രവും നടത്തി വരികയായിരുന്നു ഇവര്‍.
നിത്യവും നിരവധി പേര്‍ ആഡംബരക്കാറുകളിലും മറ്റും ഇവിടെ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇവിടെ അനാശാസ്യ കേന്ദ്രം നടത്തുന്നതിന്റെ നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മംഗളൂരു, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കന്നഡ സിനിമയിലെ ചില വനിതാതാരങ്ങളും ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ടെന്നാണ് വിവരം.