ലോക കാന്‍സര്‍ ദിനം: കൊച്ചിയില്‍ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേര്‍ പങ്കെടുത്തു
കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 'മൈല്‍സ് ഫോര്‍ ഹെല്‍ത്ത്, ഡ്രോപ്പ്‌സ് ഫോര്‍ ലൈഫ്' എന്ന സന്ദേശമുയര്‍ത്തി സുഭാഷ് പാര്‍ക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.
കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി. കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആര്‍. സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ ആശംസകള്‍ നേര്‍ന്നു.ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയര്‍ സംസാരിച്ചു. മേയറുടെ ഭര്‍ത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് മെംബേര്‍സ്, വിദേശ പൗരന്മാര്‍ എന്നിവരുള്‍പ്പെടെ നൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ രക്തം നല്‍കി.
പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കല്‍ പിന്തുണ നല്‍കിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് രക്തശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ക്യാമ്പ് വിജയകരമാക്കുന്നതില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്പ്രവര്‍ത്തകരുടെയും സേവനം നിര്‍ണ്ണായകമായി.
കാന്‍സര്‍ രോഗികള്‍ക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ മെഗാ ക്യാമ്പിന്റെ ലക്ഷ്യം.