കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെന്‍ഡര്‍ ഇക്വിറ്റി ഉദ്ഘാടനവും; ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്‌കൃത സര്‍വ്വകലാശാലയില്‍

Update: 2025-06-18 13:53 GMT

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെന്‍ഡര്‍ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ജൂണ്‍ 20ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസില്‍ നിര്‍വ്വഹിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. ഗീതാകുമാരി അറിയിച്ചു.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ സാമൂഹ്യശാസ്ത്രമേഖലയില്‍ സ്വയംഭരണസ്ഥാപനമായി വിഭാവനം ചെയ്തിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയാണ്. സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ ഡോ. കെ. എം. ഷീബയെ കോര്‍ഡിനേറ്ററായി നിയമിച്ചു. ഗവേഷണവും വിദ്യാഭ്യാസവും വഴി ലിംഗപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക, അക്കാദമികവും സാമൂഹികവുമായ മേഖലകളില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെന്‍ഡര്‍ ഇക്വിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെ 'ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന കാഴ്ചപ്പാടിനുളള കേരള മാതൃക' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ രാജന്‍ വര്‍ഗ്ഗീസ്, ഡോ. മനുലാല്‍ പി. റാം, പ്രൊഫ. സജി ഗോപിനാഥ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

റോജി എം. ജോണ്‍ എം. എല്‍. എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാന്‍ എം. പി. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. ഗീതാകുമാരി ആമുഖപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. പ്രേംകുമാര്‍ എം. എല്‍. എ., ആര്‍. അജയന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിളളി, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസ്സികുട്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിക്കും.

Similar News