സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു
ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയിലെ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കാലടി മുഖ്യ ക്യാമ്പസില്‍ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ എന്‍ സി സി കേഡറ്റുകള്‍ പങ്കെടുത്തു. ക്യാമ്പസില്‍ ആരംഭിച്ച് കാലടി ടൗണ്‍ ചുറ്റി നടത്തിയ ബോധവല്‍ക്കരണറാലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി.ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന ബ്രൗഷറുകള്‍ പ്രചരിപ്പിച്ചു. പോസ്റ്റര്‍ മേക്കിംഗ് മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കാലടിയിലെ എക്‌സ്സൈസ് ഓഫീസിന്റെയും സംസ്‌കൃതം ജനറല്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി എ സിദ്ധിക്ക് മുഖ്യപ്രഭാഷണം നടത്തി. ലെഫ്റ്റനന്റ് ഡോ. ലിഷ സി ആര്‍, സംസ്‌കൃതം ജനറല്‍ വിഭാഗം മേധാവി ഡോ. ആതിര ജാതവേദന്‍, ഡോ. ശിവജ എസ് നായര്‍, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആതിര പി ബി, അണ്ടര്‍ ഓഫീസര്‍ സേതു എം എസ് എന്നിവര്‍ പ്രസംഗിച്ചു.