സംസ്‌കൃത സര്‍വ്വകലാശാലയിലെ എന്‍ സി സി കേഡറ്റുകള്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു
ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍ സി സി) നേതൃത്വത്തില്‍ നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു. കാലടി പ്രദേശത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും ഡോക്ടര്‍മാരെ ആദരിച്ചുമാണ് എന്‍ സി സി കേഡറ്റുകള്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചത്. സര്‍വ്വകലാശാല കാമ്പസിലെ ഹെല്‍ത്ത് സെന്റര്‍, കാലടി മെഡിക്കല്‍ സെന്റര്‍, പി. എം. എം. ഹോസ്പിറ്റല്‍, ഗവഃ ഹോമിയോ ക്ലിനിക്, ഗവ. ഹോസ്പിറ്റല്‍, മറ്റൂര്‍ എന്നീ ആരോഗ്രകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ എന്‍ സി സി കേഡറ്റുകള്‍ സന്ദര്‍ശിച്ച്, പൂക്കളും ആശംസ കാര്‍ഡുകളും നല്‍കി ആദരിച്ചു. 'രാപ്പകല്‍ വ്യത്യാസമില്ലാതെ ജീവന്‍ രക്ഷിക്കാനുളള അവരുടെ സേവന സന്നദ്ധത ഈ കര്‍മ്മ മേഖലയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു'' എന്ന സന്ദേശവുമായാണ് കേഡറ്റുകള്‍ സന്ദര്‍ശനം നടത്തിയത്. എന്‍ സി സി കേഡറ്റുകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ഡോക്ടേഴ്‌സ് ഡേയിലെ വ്യത്യസ്തമായ ഈ ആദരവ് ഡോക്ടര്‍മാരിലും ആരോഗ്യ ജീവനക്കാരിലും അഭിമാനവും ആനന്ദവും സൃഷ്ടിക്കുവാന്‍ കാരണമായതായി ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയുടെ എന്‍ സി സി ഓഫീസര്‍ ലഫ്റ്റനന്റ് ഡോ. ലിഷ സി. ആര്‍. പറഞ്ഞു.