ജീവജാലങ്ങളുടെ നിലനില്‍പ്പിന് ശുചിത്വബോധം അനിവാര്യം; കേന്ദ്രമന്ത്രി സുരേഷ് ഗോപി

Update: 2025-07-03 13:01 GMT

പാലാ: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഈശ്വര ആരാധനപോലെ പ്രധാനമാണെന്നും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ശുചിത്വബോധം അനിവാര്യമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. 'സ്വച്ഛതാ പഖ്വാഡ' ക്യാംപെയിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ചാവറ സിഎംഐ പബ്ലിക് സ്‌കൂളും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചുറ്റുപാടുകള്‍ വൃത്തിയാക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികള്‍ക്ക് വസിക്കാന്‍ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് ഒരുക്കിയെടുക്കുന്നത്. ശുചിത്വ കര്‍മങ്ങളില്‍ ഏര്‍പ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധര്‍മമാണ്. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ശുചിത്വബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് 'സ്വച്ഛതാ പഖ്വാഡ'. ഏവര്‍ക്കും മാതൃകയാകുന്ന തരത്തില്‍ ബിപിസിഎല്‍ പരിപാടി ഏറ്റെടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്‌കൂളില്‍ വൃക്ഷതൈ നടുകയും ചെയ്തു. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.

രാജ്യത്തെ മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്വാഡ. ക്യാംപെയിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ പരിപാടികളും ബോധവല്‍ക്കരണവും നടത്തും. ചടങ്ങില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശങ്കര്‍ എം അധ്യക്ഷത വഹിച്ചു. 2014ല്‍ ആരംഭിച്ച 'സ്വച്ഛതാ പഖ്വാഡ' പദ്ധതിയുടെ ചുവടുപിടിച്ച് രാജ്യത്ത് ഇതിനോടകം വലിയമാറ്റങ്ങളാണ് മാലിന്യ നിര്‍മാര്‍ജനരംഗത്ത് ഉണ്ടായിട്ടുള്ളത്. മുനിസിപ്പല്‍ വേസ്റ്റ് മാനേജ്മന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. ശുചിത്വ മേഖലയിലുള്ള നമ്മുടെ ഓരോ ചുവടുവെയ്പ്പും വലിയ സ്വാധീനമാണ് ഉണ്ടാക്കുക. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റുമായി സഹകരിക്കാന്‍ ബിപിസിഎല്ലിനു സാധിച്ചതായും ശങ്കര്‍ എം പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, ബിപിസിഎല്‍ എച്ച്ആര്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, റീട്ടെയില്‍ വിഭാഗം കേരള ഹെഡ് ഹരികിഷന്‍ വി ആര്‍, ബ്രില്ല്യന്റ് പാലാ ഡയറക്ടര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Similar News