മെഡി. കോളേജിലെ ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായ വീഴ്ച: പ്രതിസന്ധി പരിഹരിച്ച് ആരോഗ്യ മന്ത്രി മാപ്പു പറയണം - വെല്‍ഫെയര്‍ പാര്‍ട്ടി
തിരു.: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ച് വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ആരോഗ്യ മന്ത്രി കേരളത്തോട് മാപ്പ് പറയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് തന്നെ ഗുരുതരമായ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താന്‍ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെടണം. കേരളത്തിലെ സുപ്രധാനവും ഏറ്റവും കൂടുതല്‍ ആളുകള്‍ സമീപിക്കുന്നതുമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയെ കുറിച്ച് അദ്ദേഹത്തിന് സാമൂഹ്യ മാധ്യമത്തില്‍ എഴുതേണ്ടി വരുന്നത് ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ആഴം ചൂണ്ടി കാണിക്കുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ സ്വന്തം നിലയ്ക്ക് ഉപകരണങ്ങള്‍ കണ്ടെത്താനും വാങ്ങാനും മുന്‍കൈയെടുക്കേണ്ടി വരുന്നത് ആരോഗ്യ മേഖലയോടുള്ള സര്‍ക്കാരിന്റെ നിസംഗതയുടെ കൂടി ഭാഗമാണ്. അടിയന്തരമായും സുപ്രധാനമായും നടക്കേണ്ട ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തെ കുറിച്ചാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണം.
ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ള പ്രതികരണം തികച്ചും നിരുത്തരവാദപരമാണ്. ഉപകരണങ്ങള്‍ ഇല്ലാത്തത് കേവലം സാങ്കേതികവും സ്വാഭാവികവും ആണെന്ന് വിശദീകരിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വകുപ്പ് മേധാവിയുടെ സാമൂഹ്യ മാധ്യമക്കുറിപ്പിനെ കേവല വൈകാരിക പ്രകടനം മാത്രമായി ലഘൂകരിച്ച് കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലാണ് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും വിഷയത്തെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.