ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്‍.ആര്‍.സിക്കായുള്ള പിന്‍വാതില്‍ നീക്കം: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2025-07-02 14:28 GMT

തിരുവനന്തപുരം: ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി നടപ്പിലാക്കപ്പെടുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണം ഭരണഘടനാപരമായ അതിരുകള്‍ ലംഘിക്കുന്നതും എന്‍.ആര്‍.സി നടപ്പാക്കാനുള്ള പിന്‍വാതില്‍ നീക്കവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

ബിഹാറില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് വെറും വോട്ടര്‍ പട്ടിക ശുദ്ധീകരണമല്ല, പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ നീക്കമാണ്. പകുതിയിലധികം വോട്ടര്‍മാരെ പുറത്തു നിര്‍ത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പോലുള്ള പല രേഖകളും മതിയായതല്ലെന്ന് പറഞ്ഞ് നിരവധി ജനങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങള്‍ ഇതിന് തെളിവാണ്.

ശക്തമായ പ്രക്ഷോഭത്തിലൂടെ ജനങ്ങള്‍ ചെറുത്ത എന്‍.ആര്‍.സിയെ പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ ആയുധമാക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപര അധികാര പരിധിയുള്ള സ്ഥാപനമാണ്. അതിന്റെ പ്രവര്‍ത്തനം രാഷ്ട്രീയമോ സുരക്ഷയോ പോലീസിംഗ് പോലെയുള്ളതോ അല്ല. മറിച്ച്, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുക എന്നതായിരിക്കണം.

എന്നാല്‍, ഇപ്പോഴത്തെ നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തെ തന്നെ ചോദ്യചിഹ്നത്തില്‍ ആക്കുന്നതാണ്. സംശയം ആയുധമാക്കി ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഭരണഘടന താല്പര്യങ്ങളുടെ ലംഘനവും വംശീയതയും സാമൂഹ്യമായ വേര്‍തിരിവും സൃഷ്ടിക്കുന്നതുമാണ്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഉടന്‍ നിര്‍ത്തി വെയ്ക്കണം. പൗരത്വ നിഷേധത്തിന്റെ ആശങ്ക പരത്തുന്ന ഈ നീക്കങ്ങള്‍ക്കെതിരില്‍ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാജ്യത്തിനും ഭരണഘടനയ്ക്കും അപകടകരമായ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Similar News