ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ട ദിന മഹോത്സവം കൊണ്ടാടി
ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ അഞ്ചു ദിവസമാണ് പ്രതിഷ്ഠ ദിന ഉല്‍സവത്തോടനുബന്ധിച്ചു ഉള്ള ചടങ്ങുകള്‍ നടന്നത്. ജൂണ്‍ 27 വെള്ളിയാഴ്ച് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രാസാദ ശുദ്ധിയും പിറ്റേന്ന് ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ചു കലശം, ശ്രീഭൂതബലി എന്നിവയോട് കൂടി ബിംബ ശുദ്ധി ക്രിയകളും നടന്നു. വൈകിട്ട് ശ്രീഭൂതബലിയും പഞ്ചാരി മേളത്തോടു കൂടിയുള്ള ശീവേലിയും, എഴുന്നള്ളിപ്പും, ദീപാരാധനയും നടന്നു. അത്താഴപൂജയും ശീവേലിയുമോടെ പ്രതിഷ്ഠ ദിനത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ ആയിരുന്നു.
മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിവസമായ ജൂലൈ 1 ചൊവ്വാഴ്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശവും മറ്റു ഉപദേവതമാര്‍ക്കായി കലശങ്ങളും നടത്തി.
ജൂണ്‍ 29 ഞായറാഴ്ച ക്ഷേത്രത്തിനു ചുറ്റും മൈതാനിയില്‍ നടത്തിയ ഭഗവതിയ്ക്കായുള്ള പൊങ്കാല വേറിട്ട അനുഭവമായി. നൂറിലധികം ദേവി ഭക്തര്‍ ഓരോരുത്തരും അവരവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളില്‍ പൊങ്കാല നിവേദ്യം തയാറാക്കി ദേവീസ്തുതികളോടെ പൊങ്കാലയിട്ടു പ്രാര്‍ത്ഥിച്ചു.
നിത്യേന മൂന്നു നേരം ശീവേലി, നവകം പഞ്ചഗവ്യം അഭിഷേകം ചുറ്റുവിളക്ക് എന്നീ ചടങ്ങുകള്‍ക്ക് പുറമെ ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യം, അയ്യപ്പന് പുഷ്പാഭിഷേകം, ഭഗവതിയ്ക്കു പൂമൂടല്‍, മൂന്ന് ദിവസങ്ങളിലായി നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവ കൊണ്ടുള്ള സഹസ്രദീപ വിളക്ക് എന്നിവ ചടങ്ങുകളുടെ ഭാഗമായി നടത്തി. മറ്റു പ്രവിശ്യകളില്‍ നിന്നുള്‍പ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരകണക്കിന് ഭക്തരാണ് പ്രതിഷ്ഠാ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്.
നമ്മുടെ എല്ലാവരുടെയും സൗഭാഗ്യം എന്ന് പറയാവുന്ന ഒന്നായിരുന്നു ഇത്തവണത്തെ ഉത്സവത്തോടനുബന്ധിച്ചു നടന്ന ഋഗ്വേദ മുറ ജപം. വേദത്തിലെ പതിനായിരത്തിലധികം വരുന്ന ശ്ലോകങ്ങള്‍ മുഴുവനും നാലു ദിവസങ്ങളിലായി നെയ്യ് തൊട്ടു ജപിച്ചു, പ്രതിഷ്ഠാദിനത്തില്‍ ഉച്ചപൂജയോടെ ശ്രീ ഗുരുവായൂരപ്പന് നിവേദിച്ചു പ്രസാദമായി ഭക്തര്‍ക്ക് നല്‍കി. ഈ ദിവസങ്ങളിലുടനീളം ഋഗ്വേദജപം ശ്രവിക്കുവാനും അതുമൂലം ക്ഷേത്രത്തിനു സര്‍വ ഐശ്വര്യവും വിശിഷ്യാ ഭക്തരുടെ ആത്മീയ ഉന്നമനത്തിനും ബുദ്ധിക്കും ഉതകുന്നതായി മുറജപം കരുതപ്പെടുന്നു.
ക്ഷേത്ര മൈതാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ 'പൂന്താനം കലാവേദി'യില്‍ മുന്നൂറിലേറെ കലാകാരന്‍മാര്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭജന, വാദ്യോപകരണ സംഗീതം, ഗാനമേള തുടങ്ങി വൈവിധ്യവും ഒന്നിനൊന്നു മേന്മയുമേറിയ പരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ചു അരങ്ങേറിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി നിത്യേന അന്നദാനവും ഒരുക്കിയിരുന്നു. പ്രതിഷ്ഠ ദിന ആഘോഷങ്ങളുടെ സമാപനം അന്നദാന സദ്യയോടും വിപുലമായ പരിപാടികളോടെയും ആയിരകണക്കിന് ഭക്ത ജനങ്ങള്‍ ആഘോഷങ്ങളില്‍ ഒത്തു ചേര്‍ന്നു.