ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : ചരിത്ര മുഹൂര്‍ത്തത്തിന്സാക്ഷിയാകാന്‍ കാനഡ ഒരുങ്ങി
നിബു വെള്ളവന്താനം
(നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
കാനഡ: ആല്‍ബര്‍ട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവര്‍ ക്രീ റിസോര്‍ട്ടില്‍ ജൂലൈ 17 മുതല്‍ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. 'ഇതാ! അവിടുന്ന് വാതില്‍ക്കല്‍' എന്നുള്ളതാണ് കോണ്‍ഫറന്‍സ് ചിന്താവിഷയം.
വിശ്വാസികള്‍ക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ പാസ്റ്റര്‍മാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അല്‍ഫോണ്‍സ്, സിസ്റ്റര്‍ അക്‌സാ പീറ്റേഴ്‌സണ്‍, സിസ്റ്റര്‍ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാര്‍ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളില്‍ ദൈവവചനം ശുശ്രൂഷിക്കും.
നാഷണല്‍ സെക്രട്ടറി ബ്രദര്‍ ഫിന്നി എബ്രഹാം, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ റോബിന്‍ ജോണ്‍, വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു. കാനഡയില്‍ വച്ച് ആദ്യമായി നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സ് ചരിത്രമുഹൂര്‍ത്തമാക്കുവാനും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കടന്നുവരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാനും നാഷണല്‍ - ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങള്‍ ആലപിക്കാന്‍
ബ്രദര്‍ ഷെല്‍ഡന്‍ ബംഗാരയുടെ നേത്യത്വത്തില്‍ മികച്ച ഗായക സംഘം സംഗീത ശുശ്രൂഷകള്‍ക്കായി എത്തിച്ചേരും. നാഷണല്‍ ക്വയര്‍ ലീഡേഴ്സായ ലിജോ മാത്യു, ജോണ്‍സ് ഉമ്മന്‍ എന്നിവരുടെ നേതൃതത്തില്‍ സ്റ്റെഫിന്‍, ഫിജോ, ജിനു, റെനി, സനീഷ്, ബിനോ, അനു എന്നിവര്‍ ഗാന ശുശ്രുഷകള്‍ക്കു നേതൃതം നല്‍കുകയും സോണി വര്‍ഗീസിന്റെ നേതൃതത്തിലുള്ള സംഗീതജ്ഞര്‍ ഗാന ശുശ്രൂഷയില്‍ സഹായിക്കുന്നതുമായിരിക്കും. മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തുവാന്‍ ഉതകുന്ന ശുശ്രൂഷകളുമാണ് പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഈ മഹാ സമ്മേളനത്തില്‍ പങ്കെടുക്കും.
അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആല്‍ബെര്‍ട്ടയില്‍, ഗാംഭീര്യമുള്ള റോക്കി പാറക്കെട്ടുകള്‍ മുതല്‍ ബാന്‍സ് നാഷണല്‍ പാര്‍ക്ക്, ജാസ്പര്‍, ലേക്ക് ലൂയിസ് എന്നി പ്രദേശങ്ങളുടെ ശാന്തമായ പ്രകൃതി ദൃശ്യങ്ങള്‍ വരെ ആസ്വദിക്കുവാന്‍ കഴിയുന്ന സ്ഥലത്താണ് കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത് എന്നുള്ളത് പ്രത്യേകതയാണ്.
ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം ഉള്‍പ്പെടുത്തിയ സുവനീര്‍ പ്രകാശനകര്‍മ്മം സമ്മേളനത്തില്‍ നിര്‍വഹിക്കും. ചീഫ് എഡിറ്റര്‍ രാജന്‍ ആര്യപള്ളില്‍ അധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങള്‍ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും ഈ കോണ്‍ഫറന്‍സിന്റെ ഒരു പ്രത്യേകതയാണ്.
അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി പാര്‍ത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഐപിസി സമ്മേളനം കൂടിയാണ്. ദൈവസ്നേഹത്തിന്റെയും സത്യസുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവ ജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ കോണ്‍ഫറന്‍സ് അനുഗ്രഹമായിതീരും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകര്‍.
വാര്‍ത്ത: നിബു വെള്ളവന്താനം
നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്