- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്തിന്റെ പേര് പറയാന്‍ 24 ന്യൂസ് ആദ്യം മടിച്ചപ്പോള്‍ ഏഷ്യാനെറ്റ് ചുണ കാട്ടി; ബാര്‍ക് റേറ്റിങ്ങില്‍ റിപ്പോര്‍ട്ടറിനെ മറികടന്ന് രണ്ടാമത്
തിരുവനന്തപുരം: വാര്‍ത്താ ചാനലുകള്‍ക്ക് കുറെ ആഴ്ചകളായി വാര്‍ത്തകളുടെ ചാകരയാണ്. ബാര്‍ക് റേറ്റിങ്ങിലെ മത്സരത്തില്‍ വിഭവങ്ങളുടെ ധാരാളിത്തമായതോടെ, മത്സരം വല്ലാതെ മുറുകി. പരമ്പരാഗത ശൈലി വിട്ട് വിനോദമസാലക്കൂട്ടുകളുടെ രുചി വിളമ്പി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പിടിച്ച 24 ന്യൂസിനോടും റിപ്പോര്‍ട്ടര്‍ ചാനലിനോടും മല്ലിടാന്‍ തന്നെ തീരുമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് എന്തുകൊണ്ട് തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഈയാഴ്ച തെളിയിച്ചു. ഇക്കുറി, റിപ്പോര്‍ട്ടറിനെ പിന്തള്ളി രണ്ടാം സ്ഥാനം പിടിച്ച ഏഷ്യാനെറ്റ്, 24 ന്യൂസിന്റെ ഒന്നാം റാങ്കിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. […]
തിരുവനന്തപുരം: വാര്‍ത്താ ചാനലുകള്‍ക്ക് കുറെ ആഴ്ചകളായി വാര്‍ത്തകളുടെ ചാകരയാണ്. ബാര്‍ക് റേറ്റിങ്ങിലെ മത്സരത്തില്‍ വിഭവങ്ങളുടെ ധാരാളിത്തമായതോടെ, മത്സരം വല്ലാതെ മുറുകി. പരമ്പരാഗത ശൈലി വിട്ട് വിനോദമസാലക്കൂട്ടുകളുടെ രുചി വിളമ്പി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പിടിച്ച 24 ന്യൂസിനോടും റിപ്പോര്‍ട്ടര്‍ ചാനലിനോടും മല്ലിടാന്‍ തന്നെ തീരുമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് എന്തുകൊണ്ട് തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഈയാഴ്ച തെളിയിച്ചു.
ഇക്കുറി, റിപ്പോര്‍ട്ടറിനെ പിന്തള്ളി രണ്ടാം സ്ഥാനം പിടിച്ച ഏഷ്യാനെറ്റ്, 24 ന്യൂസിന്റെ ഒന്നാം റാങ്കിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മൂന്നുവട്ടം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം റാങ്ക് നഷ്ടമായ ഏഷ്യാനെറ്റ് ഇത്തവണ 24 ന്യൂസിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. അടുത്ത ആഴ്ചത്തെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് എത്തിയാലും അദ്ഭുതപ്പെടാനില്ല.
കഴിഞ്ഞാഴ്ച 157.3 പോയിന്റോടെ 24 ന്യൂസ് ഒന്നാമതും, 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമായിരുന്നു. എന്നാല്‍, ഈയാഴ്ച ഒന്നാം സ്ഥാനത്തിന് കോട്ടമില്ലെങ്കിലും 24 ന്യൂസ് 132.7 പോയിന്റിലേക്ക് താഴ്ന്നു. ഏഷ്യാനെറ്റ് ന്യൂസ് ഈ ആഴ്ച 132.2 പോയിന്‍ോടെ രണ്ടാം സ്ഥാനത്തേക്ക് എത്തി. റിപ്പോര്‍ട്ടര്‍ 110.5 പോയിന്റിലേക്ക് താഴ്ന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു.
72.8 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസ് ഇക്കുറി 62.6 പോയിന്റിലേക്ക് താഴ്ന്ന് നാലാമത് തന്നെ തുടരുകയാണ്. 50.8 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 23.2 പോയിന്റോടെ എട്ടാമത് നിന്ന ജനം ടിവി ഈ ആഴ്ച 22.6 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 21.9 പോയിന്റോടെ കൈരളി ഏഴാമതും 19.4 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 15.2 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത് തന്നെ തുടരുകയാണ്.
വാര്‍ത്താ അവതരണ രീതിയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയതോടെയാണ് 24 ന്യൂസ് ഒന്നാമതേക്ക് കുതിച്ചത്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പരാഗത ക്ലാസിക് രീതിയില്‍ നിന്നുളള സമൂല മാറ്റത്തിന് തിരികൊളുത്തിയതാണ് 24 ന്യൂസിനും റിപ്പോര്‍ട്ടറിനും തുണയായത്. മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റ് സൃഷ്ടിച്ച ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കാര്യമായ ശ്രമം നടത്തിയിരുന്നില്ല. എന്നാല്‍, 24 ന്യൂസ് വന്നതോടെ മികച്ച എന്റര്‍ടെയ്നറായ ശ്രീകണ്ഠന് നായരുടെ നേതൃത്വത്തില്‍ പുത്തന്‍ അവതരണ രീതികള്‍ പരീക്ഷിച്ചു. ശ്രീകണ്ഠന്‍നായരുടെ മികവും പ്രാഗത്ഭ്യവും അതിന് വഴിതുറന്നുവെന്ന് വിലയിരുത്തേണ്ടി വരും.
രണ്ടാമതായി ശ്രീകണ്ഠന് നായരുടെ ശിഷ്യനായ ഡോ. അരുണ്‍കുമാറാണ് വ്യത്യസ്ത അവതരണ രീതികളുടെ പരീക്ഷണത്തിന് നേതൃത്വം കൊടുത്തത്. ശ്രീകണ്ഠന് നായരും അരുണ്‍കുമാറും ഒന്നിച്ചുചേര്‍ന്നപ്പോഴാണ് 24 ന്യൂസിന് വലിയ കുതിപ്പുണ്ടായത്. 24 ന്യൂസിന്റെ വാര്‍ത്താ സംസ്കാരം പിന്തുടരുന്ന മറ്റൊരു ചാനലായി റിപ്പോര്‍ട്ടര്‍ മാറിയപ്പോള്‍, സ്വാഭാവികമായി അത്തരം വാര്‍ത്താവതരണത്തിന്റെ സാധ്യത കൂടി. മത്സരബുദ്ധി 24 ന്യൂസിനും റിപ്പോര്‍ട്ടറിനും ഒരുപോലെ ഗുണം ചെയ്തു. ഡോ.അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിലേക്ക് മാറിയതോടെ, 24 ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള മത്സരം മുറുകുകയും, ഏഷ്യാനെറ്റ് പിന്നോട്ട് പോകുകയും ചെയ്തു. അപ്പോഴും പരസ്യക്കാര് പരിഗണിക്കുന്ന വിഭാഗത്തില്‍ ഏഷ്യാനെറ്റ് തന്നെയാണ് ഒന്നാം നമ്പര്‍. ചുരുക്കത്തില്‍, ഏഷ്യാനെറ്റിന്റെ പരസ്യത്തെയോ വരുമാനത്തെയോ ഇതുവരെ ബാധിച്ചില്ല.
24 ന്യൂസിന്റെയും റിപ്പോര്‍ട്ടറിന്റെയും വളര്‍ച്ച വൈകാരികതയില്‍ ഊന്നിയുള്ള വാര്‍ത്താവതരണ രീതിയിലൂടെയായിരുന്നു. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ട കോഴിക്കോട് സ്വദേശിയായ അര്ജ്ജുന് എന്ന യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ദൗത്യം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളിലെല്ലാം അതിവൈകാരിക ശൈലിയുടെ പേരില്‍ വിമര്‍ശനങ്ങളും വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള കൃത്യമായ റിപ്പോര്‍ട്ടിങ്ങാണ് ഏഷ്യാനെറ്റ് ന്യൂസിന് തുണയായതെന്ന് വിലയിരുത്തേണ്ടി വരും. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വന്ന തനിക്ക് നേരേ ലൈംഗിക ചൂഷണം ഉണ്ടായെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്ന മീടു പരമ്പരയ്ക്ക് തുടക്കമിട്ടത്. ആരോപണ വിധേയനായ രഞ്ജിത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 24 ന്യൂസ് മടിച്ചപ്പോള്‍, ഏഷ്യാനെറ്റ് ന്യൂസ് സധൈര്യം രഞ്ജിത്തിന്റെ പേര് തുറന്നടിച്ചു. ഇത്തരത്തില്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ധീരമായ റിപ്പോര്‍ട്ടിങ്ങും അവതരണവും ഏഷ്യാനെറ്റിന്റെ ഗ്രാഫ് ഉയര്‍ത്തിയെന്ന് വേണം കരുതാന്‍.
24 ന്യൂസിന്റെയോ, റിപ്പോര്‍ട്ടറിന്റെയോ, മികവു കൊണ്ടോ, രാഷ്ട്രീയ നിലപാടുകൊണ്ടോ അല്ല മറിച്ച് വാര്‍ത്താവതരണത്തെ എന്റര്ടെയ്ന്മെന്റാക്കി എന്നതാണ് കുതിപ്പിന് കാരണം. അന്തി ചര്‍ച്ചയുടെ കാര്യത്തില്‍, ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പ്രൈം ടൈം അവതരണത്തിന്റെ ഏഴയലത്ത് എത്താന്‍ 24 ന്യൂസിനോ റിപ്പോര്ട്ടറിനോ കഴിഞ്ഞിട്ടില്ല.
തങ്ങളുടെ കാല്‍ചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എക്സ്ക്ലൂസീവായി പുറത്തുവിട്ട് അതിനൊരു തുടക്കമിട്ടു. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. എന്തായാലും കാറ്റ് മാറി വീശുന്നത് അറിഞ്ഞ് ഏഷ്യാനെറ്റ് ശൈലി പൊളിച്ചെഴുതിയതോടെ, 24 ന്യൂസിന്റെ ഒന്നാം സ്ഥാനവും ഇളകി തുടങ്ങി.