ബാര്‍ക്ക് റേറ്റിംഗില്‍ കുതിച്ചു ചാടി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; കളറും ഫോണ്ടും മാറ്റിയുള്ള പതിവു പരീക്ഷണങ്ങള്‍ വിജയം കണ്ടു; കോടികള്‍ എറിഞ്ഞുള്ള തന്ത്രങ്ങള്‍ പാളിയപ്പോള്‍ തകര്‍ന്നടിഞ്ഞ് മൂന്നാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍; കൈരളി ടിവിയെ പിന്നിലാക്കി ജനം ടിവിയുടെ കുതിപ്പും

ബാര്‍ക്ക് റേറ്റിംഗില്‍ കുതിച്ചു ചാടി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

Update: 2025-07-17 09:20 GMT

കൊച്ചി: മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസ്. സമീപകാലത്ത് മറ്റു ചാനലുകള്‍ ഉയര്‍ത്തിയ ഭീഷണികളെ മറികടന്നുകൊണ്ട് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. ഉപതിരഞ്ഞെടുപ്പു അടക്കം പ്രത്യേക വാര്‍ത്താ സാഹചര്യങ്ങളെല്ലാം ഒഴിഞ്ഞ് സാധാരണ നിലയിലേക്ക് കാണികള്‍ എത്തിയതോടെ പോയ വാരം ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ തകര്‍ന്നടിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് നീങ്ങുകയാണ്.

27ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള്‍ 99 പോയിന്റുമായി നില മെച്ചപ്പെടുത്തുകയാണ് ഏഷ്യനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്ത് 87 പോയിന്റുമായി 24 ന്യൂസ് ചാനലാണ്. 84 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. റിപ്പോര്‍ട്ടറിനെ സംബന്ധിച്ചിടത്തോളം പോയ വാരത്തെ വീഴ്ച്ചയില്‍ നിന്നും തിരികെ കയറാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഇടക്കാലത്ത് ചില വാരങ്ങളില്‍ ചാനല്‍ മുന്നില്‍ വന്നത് തന്നെ കേരളാ വിഷന്‍ ചാനലിലെ പ്രൈംബാന്‍ഡ് കോടികള്‍ മുടക്കി വിലക്കെടുത്താണ്. ആ പരീക്ഷണങ്ങള്‍ വിജയം കാണുന്നില്ലെന്നതാണ് വ്യക്തമാകുന്ന കാര്യം.


 



അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റല്‍ നടപടികളിലേക്കും കടക്കുകയാണ്. ചാനലിന്റെ കളറും ഫോണ്ടും അടക്കം മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് അടക്കം ഇപ്പോള്‍ മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ്. എന്നാല്‍, സാങ്കേതകമായി മാറ്റങ്ങള്‍ വരുത്തുമ്പോഴും ചാനല്‍ ക്രെഡിബിലിറ്റി മുന്നില്‍ കണ്ടുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസിനെ സ്‌നേഹിക്കുന്നവരെ അടുപ്പിച്ചത്.

അതേസമയം പോയവാരത്തില്‍ നാലാം സ്ഥാനത്ത് മനോരമ ന്യൂസ് ചാനലാണ്. 42 പോയിന്റാണ് മനോരമ ന്യൂസ് ചാനലിനുള്ളത്. അതേസമയം 41 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്താണ്. ന്യൂസ് മലയാളം ചാനല്‍ 28 പോയിന്റുമായി ആറാം സ്ഥാനത്താണ്. പോയവാരത്തില്‍ നിന്നും മാറ്റം ഇക്കുറിയാണ് ഉണ്ടായിരിക്കുന്നത്. കൈരളി ടിവിയുടെ ഏഴാം സ്ഥാനം ജനം ടി വി തട്ടിയെടുത്തു. 22 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തായപ്പോള്‍ കൈരളി ടി വി 18 പോയിന്റുമായി എട്ടാം സ്ഥാനത്തായി. ന്യൂസ് 18 കേരള 14 പോയിന്റോടെ ഒമ്പതാം സ്ഥാനത്തും 11 പോയിന്റുമായി മീഡിയ വണ്‍ പത്താം സ്ഥാനത്തുമാണ്.


Full View

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും അതിന്റെ ഹാങ് ഓവറുകളും മറ്റുമായി വാര്‍ത്താ ചാനലുകള്‍ കാണുന്ന ആളുകളുടെ എണ്ണം കുത്തനെ കഴിഞ്ഞ മാസം ഉയര്‍ന്നിരുന്നു. ഇതോടെ ശക്തമായ മത്സരമാണ് ഉണ്ടായത്. അധികം വന്ന കാഴ്ച്ചക്കാരുടെ ബലത്തില്‍ റിപ്പോര്‍ട്ടര്‍ ഒന്നാമതെത്തിയിരുന്നു. ഇതിനിടെ കുറച്ചുകാലമായി മൂന്നാം സ്ഥാനത്തായിരുന്ന 24 ന്യൂസ് ചാനല്‍ രണ്ടാം സ്ഥാനം തിരികെ പിടിക്കുകയും ചെയ്തു. പിന്നീട് സ്വാഭാവിക പ്രേക്ഷകരിലേക്ക് എത്തിയതോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.

ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നത്. അതില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഓരോ ആഴ്ചയിലേയും കണക്കുകളാണ് പുറത്തുവിടുന്നത്.

Tags:    

Similar News