സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രവുമായി 'ഗപ്പി' സംവിധായകൻ; പ്രതീക്ഷ നൽകി ജോൺപോള്‍ ജോര്‍ജ്ജിന്റെ 'ആശാൻ'; ടൈറ്റിൽ ലുക്ക് പുറത്ത്

Update: 2025-09-08 14:17 GMT

കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ആശാൻ' എന്ന് പേരിട്ടിരിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും നർമ്മത്തിലുള്ള 'ഡ്രാമഡി' വിഭാഗത്തിലുള്ള ചിത്രമാണെന്ന് സൂചനയുണ്ട്. ചിത്രത്തിൽ നൂറോളം പുതുമുഖങ്ങൾ അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഉത്രാട ദിനത്തിൽ ഇന്ദ്രൻസ് കഥകളി വേഷത്തിലെത്തിയ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇത് 'ഗപ്പി സിനിമാസി'ന്റെ പുതിയ ചിത്രത്തിലെ ഇന്ദ്രൻസിന്റെ ലുക്ക് ആണെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. 'ആശാൻ' ടൈറ്റിൽ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംഷ വർധിച്ചിട്ടുണ്ട്. എന്നാൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ടൈറ്റിൽ ലുക്ക് പോസ്റ്ററിൽ നൽകിയിട്ടില്ല.

ചിത്രത്തിന്റെ നിർമ്മാതാക്കൾ ജോൺപോൾ ജോർജ്ജ്, അന്നം ജോൺപോൾ, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ്. വിമൽ ജോസ് തച്ചിലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസാണ് എഡിറ്റർ. സംഗീതം ജോൺപോൾ ജോർജ്ജ് തന്നെ കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാർ വരികളെഴുതുന്നു. സെൻട്രൽ പിക്ചേഴ്സാണ് വിതരണം നിർവ്വഹിക്കുന്നത്. 'ആശാൻ' ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

Tags:    

Similar News