വീണ്ടും പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'ധീരം' സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു

Update: 2026-03-06 17:30 GMT

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ മുഖ്യവേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 'ധീരം' ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽ പ്രദർശനം ആരംഭിച്ചു. ഒരു സങ്കീർണ്ണമായ കൊലപാതകക്കേസും അതിന് പിന്നിലെ നിഗൂഢതകളും തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ എത്തുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം എന്ന പ്രത്യേകതയും ധീരത്തിനുണ്ട്.

റെമോ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെമോഷ് എം.എസും മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 'അറ്റൻഷൻ പ്ലീസ്', 'രേഖ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജിതിൻ സംവിധാനമൊരുക്കുന്ന ചിത്രം കൂടിയാണിത്. വെറുമൊരു ക്രൈം ത്രില്ലർ എന്നതിലുപരി, അധികാര വ്യവസ്ഥിതിക്കുള്ളിലെ പോരാട്ടങ്ങളും ഉദ്യോഗസ്ഥർ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളും ചിത്രം ചർച്ച ചെയ്യുന്നു. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൗഗന്ദ് എസ്.യൂ ആണ് ചിത്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

തമിഴിലെ ഹിറ്റ് ചിത്രങ്ങളായ 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം', 'റോക്കി' എന്നിവയുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റിങ് നിർവഹിക്കുന്ന മലയാള ചിത്രം എന്ന ഖ്യാതിയും ധീരത്തിനുണ്ട്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News