'ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു..'; ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ സൂര്യയും; നടൻ കണ്ടനാട്ടെ വീട്ടിലെത്തി
കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന സൂര്യ, ശ്രീനിവാസന്റെ വിയോഗവാർത്ത അറിഞ്ഞയുടൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുകയായിരുന്നു.
"ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു ഞാൻ. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു" എന്ന് സൂര്യ പറഞ്ഞു.
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ഫഹദ് ഫാസിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.
അന്തരിച്ച ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
മലയാള സിനിമയിലെ ചിന്താശീലമായ ചിരിക്ക് അന്ത്യം കുറിച്ച ശ്രീനിവാസന്റെ വേർപാടിൽ സിനിമാലോകം ആകെ വിങ്ങലിലാണ്. സൂപ്പർതാരങ്ങൾ മുതൽ സാധാരണക്കാർ വരെ തങ്ങളുടെ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.