അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്'; ചിത്രത്തിലെ 'അതിശയം' ഗാനം എത്തി; ആലാപനം ഹനാൻ ഷായും നിത്യ മാമ്മനും
കൊച്ചി: അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'അതിശയം' എന്ന് പേരിട്ടിരിക്കുന്ന ഗാനം പുതുമുഖങ്ങളായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജയ് സ്റ്റെല്ലാർ സംഗീതം നൽകിയിരിക്കുന്നു.
'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന 'ഇന്നസെന്റ്' സർക്കാർ ഓഫീസിലെ നൂലാമാലകളെ പ്രമേയമാക്കിയുള്ള ഒരു കോമഡി ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത് ചിത്രം ഒരു ഫൺ റൈഡ് ആയിരിക്കും എന്നാണ്. നേരത്തെ പുറത്തിറങ്ങിയ 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന നാടൻ ശൈലിയിലുള്ള ഗാനവും ശ്രദ്ധ നേടിയിരുന്നു.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. വിദ്യാർത്ഥികൾക്ക് സിനിമ പഠിക്കാനുള്ള അവസരം നൽകുന്ന 'എലമെന്‍റ്സ് ഓഫ് സിനിമ'യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് 'ഇന്നസെന്റ്'.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ റിയാസ് കെ. ബദർ ആണ്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.