ബിലാൽ കാത്തിരുന്ന ആരാധകർക്ക് സർപ്രൈസുമായി അമൽ നീരദ്; പുതിയ സിനിമ പ്രഖ്യാപിച്ചു; ഒരുങ്ങുന്നത് ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗം
കൊച്ചി: ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ അമൽ നീരദ്. 'ബാച്ച്‌ലർ പാർട്ടി D’eux' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. 2012-ൽ പുറത്തിറങ്ങിയ 'ബാച്ച്‌ലർ പാർട്ടി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. അമൽ നീരദിന്റെ അടുത്ത ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായ 'ബിലാൽ' ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'ബിലാൽ' സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും വരാതിരുന്ന സാഹചര്യത്തിൽ, ഈ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ ചോദ്യങ്ങളുമായി രംഗത്തെത്തിച്ചിട്ടുണ്ട്. 'ബിലാൽ ഇല്ലെങ്കിൽ അത് പറയണം', 'പ്രതീക്ഷ നൽകുന്നത് എന്തിനാണ്, ഇല്ലെങ്കിൽ ഇല്ലെന്ന് ഒരു പോസ്റ്റ് ഇടണം' എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
2012-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി'. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് സുകുമാരൻ, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദും വി. ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ. എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.