'സിനിമയുമായി നേരിട്ട് ബന്ധപ്പെട്ട ചെലവുകള്‍ മാത്രം നിര്‍മാതാക്കള്‍ വഹിക്കണം; താരങ്ങളുടെ ഡ്രൈവറും സഹായികളും അടക്കമുള്ള വ്യക്തിപരമായ സ്റ്റാഫിന് നല്‍കുന്ന ശമ്പളം നിര്‍മാതാക്കളുടെ ചുമതല അല്ല: ആമിര്‍ ഖാന്‍
ബോളിവുഡിലെ താരങ്ങളുടെ അമിത ആവശ്യങ്ങള്‍ സിനിമാ നിര്‍മാതാക്കളെ ഗുരുതരമായ സാമ്പത്തിക ബാധ്യതയിലാക്കുന്നുവെന്ന് സൂചിപ്പിച്ച് നടന്‍ ആമിര്‍ ഖാന്‍ തുറന്നുപറഞ്ഞു. 'ഗെയിം ചെയ്‌ഞ്ചേഴ്‌സ്' എന്ന യുട്യൂബ് ചാനലിനോട് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ നിലവിലെ സാഹചര്യം കടുത്ത വിമര്‍ശന വിധേയമാക്കിയത്. 'സിനിമയുമായി നേരിട്ട് ബന്ധപ്പെട്ട ചെലവുകള്‍ മാത്രം നിര്‍മാതാക്കള്‍ വഹിക്കണം. താരങ്ങളുടെ ഡ്രൈവറും സഹായികളും അടക്കമുള്ള വ്യക്തിപരമായ സ്റ്റാഫിന് നല്‍കുന്ന ശമ്പളം നിര്‍മാതാക്കളുടെ ചുമതല അല്ല,' ആമിര്‍ വ്യക്തമാക്കി. മേക്കപ്പ്, വസ്ത്രാലങ്കാരം, പരിശീലനം തുടങ്ങിയവ നിര്‍മാതാക്കളുടെ ഉത്തരവാദിത്തത്തില്‍ വരുന്നതാണെന്നും പക്ഷേ ലൈവ് കിച്ചന്‍, ജിം, നിരവധി വാനിറ്റി വാനുകള്‍ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ നിര്‍മാതാക്കള്‍ക്ക് ചുമത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോഴത്തെ ചില താരങ്ങള്‍ അവരുടെ സ്‌പോട്ട് ബോയ്, പരിശീലകന്‍, ഡ്രൈവര്‍ എന്നിവരുടെ ശമ്പളം വരെ നിര്‍മാതാക്കളോട് വാങ്ങുന്നുവെന്നാണ് കേള്‍ക്കുന്നത്. അവര്‍ കോടികള്‍ സമ്പാദിക്കുമ്പോള്‍ പോലും സ്വന്തം ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് വ്യവസായത്തിന് തന്നെ ദോഷം ചെയ്യും,' ആമിര്‍ വിമര്‍ശിച്ചു. ദംഗല്‍ ചിത്രത്തിനിടെ തന്റെ ഗുസ്തി പരിശീലനച്ചെലവ് നിര്‍മാതാക്കള്‍ വഹിച്ചതിനെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. 'സിനിമയുമായി ബന്ധപ്പെട്ട പരിശീലനച്ചെലവ് നിര്‍മാതാവ് വഹിക്കുന്നത് ശരിയാണ്. എന്നാല്‍ വ്യക്തിപരമായ ജീവിതച്ചെലവുകള്‍ നിര്‍മാതാവിന്റെ തലയില്‍ ചുമത്തുന്നത് തെറ്റാണ്,' ആമിര്‍ കൂട്ടിച്ചേര്‍ത്തു.
നടന്മാരുടെ അമിത ആവശ്യങ്ങള്‍ സിനിമാ വ്യവസായത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും, ഇത്തരം പ്രവണത തുടര്‍ന്നാല്‍ ഭാവിയില്‍ നിര്‍മാതാക്കള്‍ താരങ്ങളുടെ പുതിയ വീടുകളുടെ പണവും അടയ്‌ക്കേണ്ടി വരുമെന്നുമാണ് ആമിറിന്റെ മുന്നറിയിപ്പ്.