സൈബര്‍ ആക്രമണത്തില്‍ ഹണി റോസിന് പിന്തുണയുമായി അമ്മ; എല്ലാവിധ നിയമസഹായങ്ങളും നല്‍കും

സൈബര്‍ ആക്രമണത്തില്‍ ഹണി റോസിന് പിന്തുണയുമായി അമ്മ

Update: 2025-01-06 11:22 GMT

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി താരസംഘടനയായ അമ്മ. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ താരസംഘടന അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അമ്മ സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി കൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാല്‍ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ പ്രസ്തുത വിഷയത്തില്‍ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും അമ്മ സംഘടന പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കില്‍ വേണ്ടുന്ന എല്ലാവിധ നിയമസഹായം നല്‍കുവാന്‍ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക്ക് കമ്മിറ്റി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ട 27 പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്.

Tags:    

Similar News