'അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന്..'; ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരം നേടിയ മോഹൻലാലിന് ആശംസ നേർന്ന് അമുൽ; വൈറലായി പോസ്റ്റർ
കൊച്ചി: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ആശംസകളുമായി അമുൽ. താരത്തിന്റെ അവാർഡ് നേട്ടത്തെ പ്രശംസിച്ച് അമുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രത്യേക പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന്, അമുലിന്റെ രുചിയുടെ ദേശീയ അവാർഡ്' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത്. ഈ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അമുലിന്റെ ഈ പ്രത്യേക ആദരം. അമുലിന്റെ കാർട്ടൂൺ ട്രിബ്യൂട്ടുകൾക്ക് എപ്പോഴും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ഇതിനുമുമ്പ് മിൽമയും സമാനമായ രീതിയിൽ മോഹൻലാലിനെ അഭിനന്ദിച്ച് പോസ്റ്റർ പുറത്തിറക്കിയിരുന്നു.
'ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മലയാളത്തിന്റെ മോഹൻലാൽ' എന്ന വിശേഷണത്തോടെയാണ് അമുൽ കേരള ഈ പോസ്റ്റർ പങ്കുവെച്ചത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 40 വർഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നതായും, ഇത് മലയാള സിനിമയുടെ മൊത്തത്തിലുള്ള വിജയമാണെന്നും മോഹൻലാൽ അവാർഡ് സ്വീകരണ വേളയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.