'ഇത്രയും നല്ലൊരു രംഗം എന്തിന് ഒഴിവാക്കി?, അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും'; സിനിമ കാണാൻ ആ കുട്ടികളൊക്കെ തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ; 'സർവ്വം മായ'യിലെ ഡിലീറ്റഡ് സീനിനും കയ്യടി
കൊച്ചി: അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം 'സർവ്വം മായ'യിലെ ഒരു ഡിലീറ്റഡ് രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ രംഗത്തിനും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. വീഡിയോ വൈറലായതോടെ എന്തിനാണ് ഇത്രയും മനോഹരമായ ഒരു രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്.
നിവിന്റെ കഥാപാത്രം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്ന രംഗമാണ് ഇപ്പോൾ പുറത്തുവിട്ട വീഡിയോയിലുള്ളത്. ഈ രംഗത്തിലെ അഭിനേതാക്കളോട് സഹാനുഭൂതി പ്രകടിപ്പിച്ചും, തീയറ്ററിൽ ചിത്രം കാണാനെത്തിയവർ ഈ സീൻ കാണാൻ എത്രമാത്രം കൊതിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. "ഈ രംഗത്തിൽ അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും", "നിവിനോട് കാർ 'തിരിച്ച് വരുന്നു' എന്ന് പറഞ്ഞ കുട്ടിയൊക്കെ അവരുടെ സീൻ കാണാൻ കൊതിച്ച് തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ?" തുടങ്ങിയ പ്രതികരണങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയാണ് 'സർവ്വം മായ'. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ മികച്ച പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്.
ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് അനുസരിച്ച്, കേരളത്തിൽ നിന്ന് മാത്രം 'സർവ്വം മായ' 62.15 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഋഷഭ് ഷെട്ടിയുടെ 'കാന്താര' (മലയാളം നെറ്റ് കളക്ഷൻ 45.31 കോടി) എന്ന ചിത്രത്തെയാണ് കേരളത്തിൽ 'സർവ്വം മായ' ഇതോടെ മറികടന്നത്. വിദേശ മാർക്കറ്റിൽ നിന്നും ചിത്രം 50 കോടി രൂപ പിന്നിട്ടിട്ടുണ്ട്.
