എആര്‍എം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്; തിരഞ്ഞെടുക്കപ്പെട്ട് മത്സര വിഭാഗത്തിൽ; മലയാളത്തില്‍നിന്ന് ഏകചിത്രം

Update: 2025-11-07 11:01 GMT

പനാജി: ടൊവിനോ തോമസ് നായകനായെത്തിയ ജിതിന്‍ ലാല്‍ ചിത്രം 'അജയന്റെ രണ്ടാംമോഷണം' (എആര്‍എം) 56-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകർക്കുള്ള മത്സരത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രങ്ങളിൽ മലയാളത്തിൽ നിന്നുള്ള ഏക ചിത്രമാണ് 'എആര്‍എം'.

നവംബർ 20 മുതൽ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം തന്റെ വിജയഗാഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫാന്റസി അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു.

നേരത്തെ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിലും 'എആര്‍എം' തിളങ്ങിയിരുന്നു. മികച്ച വിഎഫ്എക്സ് പ്രകടനത്തിന് സംവിധായകൻ ജിതിൻ ലാൽ, ആൽഫ്രഡ് ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്കാരം നേടി. ടൊവിനോ തോമസിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ചിത്രത്തിലെ 'കിളിയേ' എന്ന ഗാനം ആലപിച്ച കെ.എസ്. ഹരിശങ്കറിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

ചിത്രത്തിൽ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ടൊവിനോ തോമസ് മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കൃതി ഷെട്ടി, ഹാരിഷ് ഉത്തമൻ, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വർഗീസ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News