റിലീസിനൊരുങ്ങി 'ഗപ്പി' സംവിധായകൻ ജോൺപോൾ ജോർജ് ഒരുക്കുന്ന 'ആശാൻ'; ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി അഞ്ചിന് തീയറ്ററുകളിൽ

Update: 2026-01-31 12:28 GMT

കൊച്ചി: ഇന്ദ്രൻസും ജോമോൻ ജ്യോതിറും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ആശാൻ' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി അഞ്ചിന് തീയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ടൊവിനോ തോമസ് നായകനായ 'ഗപ്പി', സൗബിൻ ഷാഹിറിന്‍റെ 'അമ്പിളി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺപോൾ ജോർജ് ആണ് 'ആശാൻ' ഒരുക്കിയിരിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെയായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ് ആദ്യമായി ഒരു വാണിജ്യ ചിത്രത്തിൽ നായകനായി എത്തുന്നു എന്ന പ്രത്യേകതയും 'ആശാൻ' എന്ന സിനിമയ്ക്കുണ്ട്. മലയാളികൾക്കിടയിൽ ഇതിനോടകം ശ്രദ്ധേയമായ 'കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ഷോബി തിലകൻ, ബിബിൻ പെരുമ്പള്ളി, അബിൻ ബിനോ, കുടശ്ശനാട് കനകം, മദൻ ഗൗരി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, നൂറോളം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

അജീഷ് ആന്‍റോയുടെ പശ്ചാത്തലസംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ജോൺപോൾ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും എം.ആർ. രാജകൃഷ്ണൻ സൗണ്ട് ഡിസൈനിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ഇതിവൃത്തം സംബന്ധിച്ച വിശദാംശങ്ങൾ അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് 'ആശാൻ' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Tags:    

Similar News