ഒറിജിനല്‍ 3 ഡി എന്നൊക്കെ പറഞ്ഞിട്ടും കാര്യമുണ്ടായില്ല; ബോക്സ് ഓഫീസിൽ കിതച്ച് മോഹൻലാൽ ചിത്രം; ബറോസിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
കൊച്ചി: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു 'ബറോസ്'. ഒറിജിനല്‍ 3 ഡിയില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്നിഷ്യൻസാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിലും ആദ്യ ദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന് തുടർന്ന് വന്ന ദിവസങ്ങളിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാനായില്ല. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ആഗോള കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബറോസിന് ആകെ ആഗോളതലത്തില്‍ 7.9 കോടി രൂപയാണ് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തികവില്‍ എത്തിയ ഒരു ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല. വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മോഹൻലാല്‍ ചിത്രം എന്നാണ് വിലയിരുത്തൽ. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ട് ഒരുക്കിയിട്ടും അതൊന്നും അനുകൂല ഘടകമാകുന്നില്ല. കൂടാതെ മാർക്കോയുടെ തകർപ്പൻ മുന്നേറ്റവും മോഹൻലാൽ ചിത്രത്തിന് നെഗറ്റീവായി ബാധിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.
അതേസമയം ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ അഭിപ്രായങ്ങങ്ങളൊന്നും ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കുന്നില്ലെന്നാണ് കളക്ഷൻ കണക്കുകളിൽ നിന്നും തെളിയുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. മായ, സാറാ വേഗ, തുഹിന്‍ മേനോന്, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന് പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്.