ഇന്ദ്രജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; നവാഗതനായ ജിതിൻ ടി. സുരേഷ് ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്
കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീരം' ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം. എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് നേരത്തെ ലഭിച്ചത്. പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് അടക്കമുള്ളവർ ടീസറിനെ അഭിനന്ദിച്ചിരുന്നു. ഇന്ദ്രജിത്തിനൊപ്പം അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, വിജയരാഘവൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി മലയാളത്തിൽ എഡിറ്റ് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും 'ധീര'ത്തിനുണ്ട്. ഛായാഗ്രഹണം സൗഗന്ദ് എസ്.യൂവും സംഗീതം മണികണ്ഠൻ അയ്യപ്പയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന ഉറപ്പാണ് അണിയറപ്രവർത്തകർ നൽകുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന 'ധീരം' ഈ വർഷത്തെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി മാറും എന്നാണ് പ്രതീക്ഷ.