ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്; ആകാംഷയുണർത്തി 'ധീരം' സിനിമയുടെ ട്രെയ്‌ലർ; ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും
തിരുവനന്തപുരം: ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആകാംഷയും ദുരൂഹതയും ജനിപ്പിക്കുന്ന രംഗങ്ങളടങ്ങിയ ട്രെയിലർ, സിനിമ ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലറാണെന്ന് ഉറപ്പുനൽകുന്നു. ഡ്രീംബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.
തിരുവനന്തപുരത്ത് നടന്ന വ്യത്യസ്തമായ ട്രെയിലർ ലോഞ്ച് പരിപാടിയിൽ, പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേരാണ് ട്രെയിലർ പുറത്തിറക്കിയത്. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. ഒരു കൊലപാതകിയുടെ പിന്നാലെ പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനെ കൂടാതെ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് 'ധീരം' നിർമിക്കുന്നത്.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്. യൂ ആണ്. 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം', 'റോക്കി' എന്നീ ചിത്രങ്ങൾക്ക് ശേഷം നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്. 'അഞ്ചകൊള്ളക്കൊക്കാൻ', 'പല്ലൂട്ടി 90സ് കിഡ്സ്' എന്നീ സിനിമകൾക്കു ശേഷം മണികണ്ഠൻ അയ്യപ്പയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മധു പയ്യൻ വെള്ളാറ്റിൻകര പ്രോജക്ട് ഡിസൈനറും ശശി പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.