പ്രതീക്ഷ നൽകി ഭ്രമയുഗം സംവിധായകന്റെ 'ഡീയസ് ഈറെ'; പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്; സംഭവം തിയേറ്ററിൽ പൊളിക്കുമെന്ന് ആരാധകർ

Update: 2025-10-25 10:43 GMT

കൊച്ചി: ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ 'ഡീയസ് ഈറെ'യുടെ റിലീസ് ട്രെയിലർ പുറത്തിറങ്ങി. 'ക്രോധത്തിന്റെ ദിനം' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം ഒക്ടോബർ 31-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ദുരൂഹമായ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രണവ് മോഹൻലാൽ, കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിന്റെ വൈകാരിക വിക്ഷോഭങ്ങളെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.

ഉദ്വേഗം, ആകാംഷ, നിഗൂഢത എന്നിവ നിറഞ്ഞ ഒരു ഹൊറർ ത്രില്ലർ ചിത്രമായിരിക്കും 'ഡീയസ് ഈറെ' എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങളും ആകർഷകമായ പശ്ചാത്തല സംഗീതവും കൊണ്ട് ട്രെയിലർ ശ്രദ്ധേയമായി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് കേരളത്തിലെ വിതരണക്കാർ.

ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.

Tags:    

Similar News