'ഹാൽ' ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ സംവിധായകൻ നൽകിയ ഹർജി; ചിത്രം ഹൈക്കോടതി ശനിയാഴ്ച കാണും

Update: 2025-10-21 07:34 GMT

കൊച്ചി: ഷെയിൻ നിഗം നായകനായ 'ഹാൽ' സിനിമയുടെ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം സിനിമ പരിശോധിക്കും. ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിനിമ കാണുന്നത്. കോടതിക്ക് പുറമെ ഹർജിക്കാരും എതിർ കക്ഷികളും അഭിഭാഷകരും സിനിമ കാണും.

കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് കെ.വി ചാക്കോ കേസിൽ കക്ഷിചേരാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. അദ്ദേഹവും ഇന്ന് സിനിമ കാണും. കേസ് 30-ന് വീണ്ടും പരിഗണിക്കും. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണം, രാഖി കെട്ടി വരുന്ന ഭാഗം അവ്യക്തമാക്കണം, ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളിൽ മാറ്റം വരുത്തണം തുടങ്ങിയ സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്താണ് ചിത്രത്തിൻ്റെ നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും ഹൈക്കോടതിയെ സമീപിച്ചത്.

'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങളും നായിക മുസ്ലിം വേഷം ധരിക്കുന്ന രംഗങ്ങളും ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി ഹർജിയിൽ പറഞ്ഞിരുന്നു. ഇത്തരം നിരവധി മാറ്റങ്ങൾ നിർദ്ദേശിച്ച് 'എ' സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോയത്. നിർമ്മാതാവിൻ്റെ ആവശ്യം പരിഗണിച്ച് സിനിമ നേരിട്ട് കാണാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ പരിശോധന. 

Tags:    

Similar News