'കിഷ്കിന്ധാ കാണ്ഡം' സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന 'എക്കോ'; പടക്കളത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
കൊച്ചി: മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡം' ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ'യുടെ ടീസർ പുറത്തിറങ്ങി. യുവതാരം സന്ദീപ് പ്രദീപ് നായകനാകുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശാണ്. 'കിഷ്കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയൽസ് സീസൺ 2' എന്നിവക്ക് ശേഷം ബാഹുൽ രമേശ് രചിക്കുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
അരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ എം.ആർ.കെ. ജയറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'എക്കോ'. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. നിലവിൽ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർക്കിടയിൽ ആകാംഷയും ഉദ്വേഗവും നിറയ്ക്കുന്നു.
'കിഷ്കിന്ധാ കാണ്ഡം' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ മൃഗങ്ങൾക്ക് നിർണ്ണായക സ്ഥാനം നൽകിയിരുന്നതിന് സമാനമായി, 'എക്കോ'യിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നു. ഇത് മൂന്ന് ഭാഗങ്ങളുള്ള 'അനിമൽ ട്രിയോളജി'യിലെ അവസാന ഭാഗമാണെന്നും വിശേഷിപ്പിക്കാം. ഈ ട്രിയോളജിയിലെ കഥകൾ പരസ്പരം ബന്ധമില്ലാത്തതാണെങ്കിലും, മൃഗങ്ങൾ കഥാപാത്രങ്ങളിലൂടെ ചെലുത്തുന്ന സ്വാധീനം ഈ കഥകളെ ഒരുമിപ്പിക്കുന്നു. മൃഗങ്ങളുടെ സാന്നിധ്യമുള്ള പശ്ചാത്തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമ്മിക സംഘർഷങ്ങളുമാണ് ഈ കഥകളുടെ പൊതു വിഷയമെന്ന് ടീസർ വ്യക്തമാക്കുന്നു.
'പടക്കളം' എന്ന ചിത്രത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം എന്നതും പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. ദിൻജിത്ത് അയ്യത്താനാണ് സംവിധാനം. എം.ആർ.കെ. ജയറാം നിർമ്മാണം നിർവ്വഹിക്കുന്നു. ബാഹുൽ രമേശാണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. മുജീബ് മജീദാണ് സംഗീതം നൽകിയിരിക്കുന്നത്.