'ആളെ പാത്താ റൊമ്പ നൈസ് ടാ...'; തകർപ്പൻ നൃത്ത ചുവടുകളുമായി വാണി വിശ്വനാഥും ദിൽഷാ പ്രസന്നനും; ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്
വലിയ പ്രതീക്ഷകളോടെ എത്തുന്ന ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആളേ പാത്താ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഗാനരചന പളനി ഭാരതിയും, ആലപിച്ചത് അഖില രവീന്ദ്രനുമാണ്. വാണി വിശ്വനാഥും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ദിൽഷാ പ്രസന്നനുമാണ് ഈ അടിപൊളി ഡാൻസ് ഗാനത്തിലെത്തുന്നത്.
ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി പൂർത്തിയായത്. സംവിധായകനായ എം എ നിഷാദിന്റെ പിതാവ് പി എം കുഞ്ഞിമൊയ്തീൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സേവന കാലത്തുണ്ടായ ഒരു കേസിന്റെ കുറിപ്പുകളിൽ നിന്നാണ് നിഷാദ് ഈ സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.
എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്‍റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ചിത്രത്തിലൂടെ നിവർത്താൻ ശ്രമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്.
ക്രൈം ബ്രാഞ്ച് എസ്‍പി, ഇടുക്കി എസ്‍പി എന്നീ പദവികളില്‍ ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.
സ്വാസിക, വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, അഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം നവംബർ 8ന് തീയറ്ററുകളിൽ എത്തും.