നിലവാരമില്ലാത്ത കഥയും മോശം മേക്കിംഗും; ഇന്ത്യയിലെ ആദ്യത്തെ എ.ഐ ഹീറോ ചിത്രം; പ്രഭാസിന്റെ അഭിനയമായിരുന്നു യഥാർത്ഥ 'കോമഡി'; റിലീസിന് പിന്നാലെ 'രാജാസാബി'ന് ട്രോൾ മഴ

Update: 2026-01-09 12:55 GMT

ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ഹൊറർ കോമഡി എന്റർടെയ്‌നർ 'ദ് രാജാസാബി'ന് തിയറ്ററുകളിൽ മോശം പ്രതികരണം. മലയാളം, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്. നിലവാരമില്ലാത്ത കഥയും മോശം മേക്കിംഗുമാണ് പ്രധാനമായും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന് വിശേഷിപ്പിച്ച 'ദ് രാജാസാബി'ന്റെ നിർമാണച്ചെലവ് 450 കോടി രൂപയാണ്.

പ്രഭാസ്, സഞ്ജയ് ദത്ത് എന്നിവരുടെ പ്രതിഫലവും വിഎഫ്എക്‌സിന്റെ ഉയർന്ന ചെലവുമാണ് ഈ ഭീമമായ ബജറ്റിന് കാരണം. എന്നാൽ പല രംഗങ്ങളിലും പ്രഭാസിന്റെ തല പോലും വിഎഫ്എക്‌സ് ഉപയോഗിച്ച് 'വെട്ടി ചേർത്തിരിക്കുകയാണ്' എന്ന് പ്രേക്ഷകർ ആരോപിക്കുന്നു. "ഇന്ത്യയിലെ ആദ്യത്തെ എ.ഐ. ഹീറോ ചിത്രമാണിത്. നായകൻ പൂർണ്ണമായും എ.ഐ. ആയി തോന്നുന്നു," എന്ന് ചിത്രത്തെക്കുറിച്ച് സുരാജ് കുമാർ എന്ന പ്രേക്ഷകൻ പ്രതികരിച്ചു. ഒരു ഹൊറർ കോമഡി ചിത്രത്തിൽ ഹാസ്യവും ഭയവും കണ്ടെത്തുന്നത് തന്നെ വലിയ രഹസ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

സിനിമ കഴിയുന്നതുവരെ നിങ്ങൾ ആലോചിച്ചു കൊണ്ടേയിരിക്കും, എവിടെയാണ് ആ ഹൊറർ-കോമഡി എന്ന്? ഒടുവിൽ സത്യം വെളിപ്പെടുന്നു: പ്രഭാസിന്റെ മുഖഭാവങ്ങളായിരുന്നു സിനിമയിലെ യഥാർത്ഥ 'ഹൊറർ', അദ്ദേഹത്തിന്റെ അഭിനയമായിരുന്നു യഥാർത്ഥ 'കോമഡി'എന്നും സൂരജ് വിമർശിക്കുന്നുണ്ട്.

മാരുതി സംവിധാനം ചെയ്ത ചിത്രത്തിൽ മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് നായികമാർ. സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മൻ ഇറാനി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി.ജി. വിശ്വ പ്രസാദ് നിർമിച്ച ചിത്രത്തിന് തമൻ സംഗീതവും രാജീവൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഡെക്കാൻ ഡ്രീംസാണ് വിഎഫ്എക്സ് ജോലികൾ ചെയ്തത്. 2022-ൽ ഗോപിചന്ദ് നായകനായ 'പക്ക കമേഴ്സ്യൽ' ആണ് മാരുതി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Tags:    

Similar News