പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം തിരിച്ചടിയായി; 'ടോക്സിക്' റിലീസ് ജൂണിലേക്ക് മാറ്റി; രൺവീർ സിംഗിന്റെ 'ധുരന്ധർ 2' പറഞ്ഞ ദിവസം തന്നെ എത്തുമോയെന്ന് ഉറ്റുനോക്കി ആരാധകർ

Update: 2026-03-04 13:23 GMT

മുംബൈ: ഏറെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരുന്ന യഷ് ചിത്രം 'ടോക്സിക്' ജൂൺ നാലിലേക്ക് റിലീസ് മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ. ഇതോടെ, മാർച്ച് 19-ന് 'ടോക്സിക്' എന്ന ചിത്രത്തോടൊപ്പം റിലീസ് നിശ്ചയിച്ചിരുന്ന രൺവീർ സിംഗ് ചിത്രം 'ധുരന്ധർ 2' തിയേറ്ററുകളിലെത്തുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. 'ധുരന്ധർ 2' ന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

പ്രഖ്യാപന സമയം മുതൽ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു ഈ ക്ലാഷ് റിലീസ്. കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം യഷ് നായകനായി എത്തുന്ന 'ടോക്സിക്' സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. 'മൂത്തോൻ' എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നയൻതാര ഉൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മറുഭാഗത്ത്, ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് പ്രധാന വേഷത്തിലെത്തിയ 'ധുരന്ധർ' കഴിഞ്ഞ വർഷം 1300 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2' വിനും മികച്ച പ്രീ-റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു.

വലിയ പ്രീ-റിലീസ് ഹൈപ്പോടെ എത്തുന്ന രണ്ട് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരുമിച്ചെത്തുമ്പോൾ അവയുടെ കളക്ഷൻ റെക്കോർഡുകളെക്കുറിച്ച് എക്സ് (മുമ്പ് ട്വിറ്റർ) അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ച നടന്നിരുന്നു. 'ടോക്സിക്' മാറ്റിവച്ച സാഹചര്യത്തിൽ, 'ധുരന്ധർ 2' അതിന്റെ റിലീസ് തീയതി നിലനിർത്തുമോ അതോ മാറ്റിവയ്ക്കുമോ എന്നതിലാണ് ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കുന്നത്. രൺവീർ സിംഗിന് ഗൾഫ് മാർക്കറ്റിൽ മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ വിപണിയുണ്ടോ എന്നതും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഒരു പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഇതേ മാർച്ച് 19-ന് മലയാളത്തിൽ നിന്ന് മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന 'ആട് 3' എന്ന ചിത്രവും റിലീസ് ചെയ്യാനിരിക്കുന്നുണ്ട്. ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

Tags:    

Similar News