വീണ്ടും ബ്ലോക്ക്ബസ്റ്റർ അടിക്കാൻ ഗിരീഷ് എ.ഡി-നസ്ലെൻ ടീം; 'ഐ ആം കാതലൻ' റിലീസ് തീയ്യതി പ്രഖ്യാപിച്ചു; ചിത്രം ഉടൻ തീയേറ്ററുകളിൽ
കൊച്ചി: മോളിവുഡിൽ അടുത്തിടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കോമ്പോ വീണ്ടുമെത്തുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം തീയറ്ററുകളിൽ വീണ്ടും പൊട്ടിച്ചിരി തീർക്കാൻ എത്തുകയാണ് ഗിരീഷ് - നസ്ലെൻ ടീം. പുതിയ ചിത്രമായ 'ഐ ആം കാതലൻ' ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം നവംബർ 7 ന് തീയേറ്ററുകളിലെത്തും. പ്രശസ്ത നടനായ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.
അനിഷ്മ നായികാ വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.