തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ അൽത്താഫ് സലിം-അനാർക്കലി മരിക്കാർ കോമ്പോയുടെ ചിത്രം; 'ഇന്നസെന്റി'ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; റിലീസ് നവംബർ 7ന്
കൊച്ചി: അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ കോമഡി ചിത്രം 'ഇന്നസെന്റ്' നവംബർ 7ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന് സെൻസർ ബോർഡിൻ്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഇന്നസെന്റ്'നുണ്ട്. ടാൻസാനിയൻ സോഷ്യൽ മീഡിയ താരമായ കിലി പോൾ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ചിത്രമാണിത്. റിലീസ് ദിനത്തിൽ 120 കേന്ദ്രങ്ങളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമങ്ങളും അണിയറപ്രവർത്തകർ നടത്തുന്നുണ്ട്.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ട്രെയിലർ സൂചിപ്പിക്കുന്നത് ഇതൊരു പൂർണ്ണ വിനോദ ചിത്രമാണെന്നാണ്. കിലി പോൾ പാടിയ 'കാക്കേ കാക്കേ കൂടെവിടെ'യുടെ ശാസ്ത്രീയ വേർഷനും, 'പൊട്ടാസ് പൊട്ടിത്തെറി' എന്ന ഫാസ്റ്റ് നമ്പറും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'അതിശയം', 'അമ്പമ്പോ', 'ഡുംഡുംഡും' എന്നീ ഗാനങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.
സർക്കാർ ഓഫീസിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദ വിരുന്നായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം സതീഷ് തൻവിയാണ്.