നരകത്തില്‍ പോകണോ പാക്കിസ്ഥാനില്‍ പോകണോ എന്നു ചോദിച്ചാല്‍ നരകം തിരഞ്ഞെടുക്കും; ജാവേദ് അക്തര്‍ പറയുന്നു
മുംബൈ: സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശന ട്രോളുകള്‍ക്കും മറുപടിയുമായി ഗാനരചയിതാവ് ജാവേദ് അക്തര്‍. ചില ട്രോളന്മാര്‍ തന്നോട് നരകത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം പാകിസ്താനിലേക്ക് പോകാനാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നരകം വേണോ പാകിസ്താന്‍ വേണോ എന്ന് ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും നരകംതന്നെ തിരഞ്ഞെടുക്കുമെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ശിവസേന (യു.ബി.ടി.) യുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങില്‍ വെച്ചാണ് ട്രോള്‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് ജാവേദ് അക്തര്‍ സംസാരിച്ചത്. ശിവസേന (യു.ബി.ടി.) മേധാവി ഉദ്ധവ് താക്കറെ, ശരദ് പവാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കാരണം വര്‍ഷങ്ങളായി താന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ഏകപക്ഷീയമായ വിമര്‍ശനങ്ങളല്ല തനിക്കുനേരെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെ വിലമതിക്കുന്ന ആളുകള്‍ ഉണ്ടെന്ന് ഞാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ വളരെ നന്ദികെട്ടവനാകും. പലരും എന്നെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ രണ്ടുപക്ഷത്തു നിന്നുമുള്ള തീവ്രമായ ചിന്താഗതിയുള്ളവര്‍ തന്നെ അധിക്ഷേപിക്കാറുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വിമര്‍ശിക്കുന്നവരില്‍ ആരെങ്കിലും ഒരാള്‍ അധിക്ഷേപം നിര്‍ത്തിയാല്‍ പോലും, എന്ത് തെറ്റാണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടും. ഒരാള്‍ പറയുന്നു ഞാന്‍ ഒരു അവിശ്വാസിയാണെന്നും നരകത്തിലേക്ക് പോകുമെന്നും. മറ്റൊരാള്‍ പറയുന്നു ഞാന്‍ പാകിസ്താനിലേക്ക് പോകണമെന്നും. അതിനാല്‍ എനിക്ക് പാകിസ്താനും നരകത്തിനും ഇടയില്‍ തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍, ഞാന്‍ നരകത്തില്‍ പോകാന്‍ ഇഷ്ടപ്പെടും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജാവേദ് അക്തര്‍, പാക്കിസ്ഥാന്‍