കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് വീണ്ടുമെത്തുന്നു; ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് പ്രധാന വേഷങ്ങളിൽ; 'നാരായണീന്റെ മൂന്നാണ്മക്കള്' പോസ്റ്റർ പുറത്ത്
വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ജോജു ജോര്‍ജ്. തന്റെ ആദ്യ സംവിധാന സംരംഭമായ 'പണി' പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ മറ്റൊരു ജോജു ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. 'നാരായണീന്റെ മൂന്നാണ്മക്കള്' എന്ന ചിത്തത്തിന്റെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേലായുധന് ആണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും.
മോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്. ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ചിത്രത്തിന്റെ പോസ്റ്റര്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ''സ്നേഹിതരെ, ഇതാണ് നമ്മുടെ അടുത്ത സിനിമ. മിനുക്ക് പണികളിൽ ആണ്. ഉടനെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നു. നമ്മുടെ വീട്ടിൽ, അല്ലായെങ്കിൽ നമ്മുടെ അടുത്ത വീട്ടിൽ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാൻ കൊതിക്കുന്ന, അല്ലായെങ്കിൽ കൗമാരത്തിൽ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയിൽ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങൾ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാർഥിക്കുക'', എന്നും ജോബി ജോര്‍ജ് പോസ്റ്റിൽ കുറിച്ചു.
ഗാര്‍ഗി അനന്തന്, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.