റെക്കോർഡ് കുതിപ്പുമായി മമ്മൂട്ടി-വിനായകൻ കോമ്പോയുടെ ക്രൈം ത്രില്ലർ; നാലാം ദിനം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'കളങ്കാവൽ'

Update: 2025-12-10 16:38 GMT

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ. കേവലം അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ഈ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ, മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും വേഗത്തിൽ 50 കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡും 'കളങ്കാവലിന്' സ്വന്തമായി.

മമ്മൂട്ടിയുടെ പ്രൊഡക്ഷനായ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം, ഡിസംബർ 5, 2025-നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം, വാരാന്ത്യത്തിൽ റെക്കോർഡ് കളക്ഷൻ നേടുകയും ചെയ്തു. വിദേശ മാർക്കറ്റുകളിൽ നിന്നുള്ള വരുമാനമാണ് 50 കോടി നേട്ടത്തിൽ നിർണ്ണായകമായത്.

ആദ്യദിനം ആഗോളതലത്തിൽ 15.55 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിവസം 15.35 കോടി രൂപ നേടി. ആദ്യ വാരാന്ത്യം ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ 44.10 കോടിയിലെത്തി. ഇപ്പോഴിതാ, ലോകമെമ്പാടും നിന്ന് 55 കോടി രൂപ കലക്ഷൻ കളങ്കാവൽ നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, 50 കോടി ക്ലബ്ബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി കളങ്കാവൽ മാറി. പ്രീ-ബുക്കിങ്ങിൽ തന്നെ ഈ നേട്ടം കൈവരിച്ച മോഹൻലാലിന്റെ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും, വിനായകൻ കൈകാര്യം ചെയ്ത പോലീസ് വേഷവുമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇവരുടെ പ്രകടന മികവിനൊപ്പം, ശക്തമായ തിരക്കഥയും മേക്കിംഗും ചിത്രത്തിന് മുതൽക്കൂട്ടായി. നിലവിലെ ട്രെൻഡ് തുടർന്നാൽ, 'കളങ്കാവൽ' ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

Tags:    

Similar News