ഞെട്ടിക്കാൻ മമ്മൂട്ടി ചിത്രം; അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം; 'ബുക്ക് മൈ ഷോ'യിൽ തരംഗമായി 'കളങ്കാവൽ'; ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലേക്ക്

Update: 2025-12-01 14:06 GMT

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കളങ്കാവൽ' ഡിസംബർ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ, ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് 'ബുക്ക് മൈ ഷോ' അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ആരാധകരിൽ നിന്നുള്ള വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ന് രാവിലെ 11.11-ന് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം 'ബുക്ക് മൈ ഷോ'യിൽ മാത്രം 10,000 ടിക്കറ്റുകൾ വിറ്റുപോയെന്നാണ് റിപ്പോർട്ട്.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ ഘടകം ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നു. 'ബുക്ക് മൈ ഷോ' കൂടാതെ 'ടിക്കറ്റ് ന്യൂ', 'ഡിസ്ട്രിക്ട്' തുടങ്ങിയ ആപ്പുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ ഇന്ന് വൈകുന്നേരം 7:30-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറങ്ങും. മമ്മൂട്ടിയും ചിത്രത്തിലെ 23 നായികമാരും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

കുപ്രസിദ്ധ സീരിയൽ കില്ലറായ സയനൈഡ് മോഹന്റെ കഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ഇത് സയനൈഡ് മോഹന്റെ കഥയല്ലെന്നും എന്നാൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടാകാമെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായ 'കളങ്കാവൽ' വിതരണം ചെയ്യുന്നത് വേഫേറർ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം വിനായകൻ, രജിഷ വിജയൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Tags:    

Similar News