'നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ..'; ആന്ദ്രേ നിക്കോളയായി മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Update: 2025-08-23 13:23 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകനും ആരാധകരുടെ പ്രിയപ്പെട്ട 'ആശാനു'മായ ഇവാൻ വുകോമനോവിച്ച് സിനിമാഭിനയ രംഗത്തേക്ക് കടക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇവാന്റെ അരങ്ങേറ്റം. ചിത്രത്തിൽ 'ആന്ദ്രേ നിക്കോള' എന്ന സുപ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സിനിമ സെപ്റ്റംബർ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇപ്പോഴിതാ ഇവാൻ വുകോമനോവിച്ചിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.

സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഇവാന്റെ ക്യാരക്ടർ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. ആശാനേ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്, എന്ന് വിനീത് പോസ്റ്ററിനൊപ്പം കുറിച്ചു. ഇവാന്റെ സാന്നിധ്യം സിനിമാപ്രേമികളിലും ഫുട്ബോൾ ആരാധകരിലും ഒരുപോലെ കൗതുകമുണർത്തിയിട്ടുണ്ട്.

Full View

തൻ്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി, ഒരു ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് വിനീത് 'കരം' ഒരുക്കുന്നത്. നോബിൾ ബാബു തോമസ് നായകനാകുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളും ദൃശ്യമികവും നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'തിര'യ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം എന്ന പ്രത്യേകതയും 'കര'ത്തിനുണ്ട്.

'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും, വിനീതിൻ്റെ നിർമ്മാണ കമ്പനിയായ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് 'കരം' നിർമ്മിക്കുന്നത്. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാണ രംഗത്ത് വീണ്ടും സജീവമാകുന്നു എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News