'ഫേസസ് ഓഫ് കരം'; മഹേന്ദ്രനായി മനോജ് കെ. ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കരം' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മനോജ് കെ. ജയന്റെ 'മഹേന്ദ്രൻ', കലാഭവൻ ഷാജോണിന്റെ 'കമൽ മുഹമ്മദ്' എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു. 'ഫേസസ് ഓഫ് കരം' എന്ന ടാഗ്‌ലൈനോടെ പുറത്തുവന്ന ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
മനോജ് കെ. ജയൻ 'മഹേന്ദ്രൻ' എന്ന കഥാപാത്രമായി എത്തുന്നത്. കമൽ മുഹമ്മദ് എന്ന കഥാപാത്രമായി കലാഭവൻ ഷാജോൺ വേഷമിടുന്നു. ഇതുവരെ പുറത്തുവന്ന ട്രെയിലറുകൾ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ആക്ഷൻ ത്രില്ലറുമായി വരുന്നത്ത്. മികച്ച ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ദൃശ്യഭംഗിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളെന്ന് സൂചനയുണ്ട്.
'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേർന്നാണ് 'കരം' നിർമ്മിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിന് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവായി എത്തുന്നു.
നോബിൾ ബാബു ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. 'തിര' എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം കൂടിയാണിത്. മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ ചിത്രമായ 'സി.ഐ.ഡി' പുറത്തിറങ്ങി എഴുപത് വർഷം തികയുന്ന വേളയിലാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്.