1995ലെ ബോളിവുഡ് ഹിറ്റ് ചിത്രം റീ റിലീസിനൊരുങ്ങുന്നു; സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ ആദ്യമായി ഒന്നിച്ച 'കരൺ അർജുൻ' നവംബര്‍ 22ന് വീണ്ടും തീയറ്ററുകളിലേക്ക്; ടീസർ പുറത്ത് വിട്ടു
മുംബൈ: സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ ആദ്യമായി ഒന്നിച്ച് ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു കരൺ അർജുൻ. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രം 1995 ജനുവരിയിലാണ് പ്രദർശനത്തിന് എത്തിയത്. ഒരു കൊമേഷ്യല്‍ എന്‍റര്‍ടെയ്മെന്‍റായിരുന്ന ചിത്രം ആ വര്‍ഷത്തെ ബോളിവുഡിലെ വലിയൊരു ഹിറ്റായിരുന്നു.
സൂപ്പർതാരങ്ങളായ സൽമാനും ഷാരൂഖും മുഴുനീള വേഷങ്ങളിൽ അഭിനയിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണിത്. പ്രേക്ഷകർക്ക് സന്തോഷ വാർത്തയായിരുന്നു ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപനം. സല്‍മാന്‍ ഖാനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പുതിയ ടീസറും പുറത്തിറക്കിയിരുന്നു.
സഹോദര ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ രാഖി ഗുൽസാർ, കാജോൾ, മംമ്ത കുൽക്കർണി, അംരീഷ് പുരി എന്നിവരടങ്ങുന്ന ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കുടുംബ കലഹത്താൽ വേർപിരിഞ്ഞ രണ്ട് സഹോദരങ്ങളുടെ ആത്മാക്കൾ അവരുടെ അടുത്ത ജന്മത്തില്‍ വീണ്ടും ഒന്നിക്കുകയും കുടുംബത്തിന് വേണ്ടി പോരിന് ഇറങ്ങുകയും ചെയ്യുന്നു.
ഒരു എന്റെർറ്റൈനർ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളോടെയുമാണ് ചിത്രം ഒരുക്കിയിരുന്നത്. വൈകാരിക രംഗങ്ങളും ആക്ഷനും എല്ലാം ചേര്‍ന്ന ചിത്രം മികച്ചൊരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. രാകേഷ് റോഷന്‍റെ ഫിലംക്രാഫ്റ്റ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് അദ്ദേഹത്തിന്‍റെ സഹോദരന്‍ രാജേഷ് റോഷനാണ്.
ചിത്രത്തിലെ ഏ ബന്ധന്‍ പോലുള്ള ഗാനങ്ങള്‍ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 'മേര കരണ്‍ അര്‍ജുന്‍ ആയേഗ' എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും മീമുകളിലും മറ്റും നിറയുന്ന ഡയലോഗാണ്. രാഖി ഗുൽസാർ ചിത്രത്തില്‍ ചെയ്ത ദുര്‍ഗ എന്ന അമ്മ വേഷവും, അംരീഷ് പുരി ചെയ്ത താക്കൂര്‍ ദുര്‍ജന്‍ സിംഗ് എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ്. നവംബര്‍ 22നാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്തുന്നത്.